കാരായിയുടെ അസാധു വോട്ട് സിപിഎമ്മില്‍ പുകയും

KKD-KARAI-CHANDRASHEKARANതലശേരി: തലശേരി നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ മുന്‍ ചെയര്‍മാനും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കാരായി ചന്ദ്രശേഖരന്റെ വോട്ട് അസാധുവായതു സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി. വോട്ടെടുപ്പില്‍ വോട്ട് ചെയ്യേണ്ടവിധം കൗണ്‍സിലര്‍മാര്‍ക്കു പറഞ്ഞുകൊടുക്കുകവരെ ചെയ്തതു ചന്ദ്രശേഖരനായിരുന്നു. പാര്‍ട്ടി നേതൃത്വത്തോടുള്ള എതിര്‍പ്പിനെത്തുടര്‍ന്നു ചന്ദ്രശേഖരന്‍ വോട്ട് മനഃപൂര്‍വം അസാധുവാക്കുകയായിരുന്നുവെന്ന ആക്ഷേപം കോണ്‍ഗ്രസും ബിജെപിയും ഉയര്‍ത്തിയിട്ടുണ്ട്.സ്ഥാനാര്‍ഥിയുടെ പേരിനുനേരേയുള്ള കോളത്തില്‍ ഗുണനചിഹ്നമിട്ടാണു വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നത്.  ഈ കോളത്തിലോ സ്ഥാനാര്‍ഥിയുടെ പേരെഴുതിയ കോളത്തിലോ വോട്ട് ചെയ്യാതെ ബാലറ്റ് പേപ്പറിന്റെ മുകളിലാണു ചന്ദ്രശേഖരന്‍ വോട്ട് രേഖപ്പെടുത്തിയത്. ഇതാണു സംശയത്തിനിടയാക്കിയത്.

വോട്ട് അസാധുവായതിനെക്കുറിച്ച് അഭിപ്രായമാരാഞ്ഞപ്പോള്‍ ചന്ദ്രശേഖരന്റെ വിശദീകരണവും സംശയകരമായിരുന്നു. എന്താണു സംഭവിച്ചതെന്നു തനിക്ക് അറിയില്ലെന്നായിരുന്നു ചന്ദ്രശേഖരന്റെ പ്രതികരണം. പുതിയ ചെയര്‍മാനായി രമേശന്റെ പേര് നിര്‍ദേശിച്ചതും വോട്ട് എങ്ങനെ ചെയ്യണമെന്നു കൗണ്‍സിലര്‍മാര്‍ക്കു പറഞ്ഞു കൊടുത്തതും താനാണെന്നും ചന്ദ്രശേഖരന്‍ ദീപികയോടു പറഞ്ഞു. മനഃപൂര്‍വം വോട്ട് അസാധുവാക്കിയെന്ന ആക്ഷേപത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അത് മുതലെടുപ്പിനുള്ള വ്യാഖ്യാനമാണെന്നായിരുന്നു മറുപടി.ഫസല്‍ വധക്കേസ് പ്രതിയായ ചന്ദ്രശേഖരനു ജാമ്യവ്യവസ്ഥ പ്രകാരം എറണാകുളം ജില്ല വിട്ടുപോകാന്‍ അനുമതിയില്ല.

ജാമ്യവ്യവസ്ഥയില്‍ ഇളവു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്നാണു ചെയര്‍മാന്‍ സ്ഥാനം ചന്ദ്രശേഖരനു രാജിവയ്‌ക്കേണ്ടിവന്നത്.  ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കണമെന്നു ചന്ദ്രശേഖരന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ പാര്‍ട്ടി നേതൃത്വം അതിനു തയാറായില്ലെന്നും ഇതിലുള്ള അനിഷ്ടമാണ് വോട്ട് അസാധുവാക്കി ചന്ദ്രശേഖരന്‍ പ്രകടിപ്പിച്ചതെന്നുമാണു സംശയമുയര്‍ന്നിരിക്കുന്നത്. സുപ്രീംകോടതിയെ സമീപിക്കാന്‍ സിപിഎം നേതൃത്വം തയാറാകാതെ വന്നതോടെ പൊതുജനത്തോടൊപ്പം പാര്‍ട്ടിയും തന്നെ കുറ്റവാളിയായി കരുതുകയാണെന്ന വിഷമത്തിലാണു ചന്ദ്രശേഖരനെന്നും പറയുന്നുണ്ട്.

ചന്ദ്രശേഖരനൊപ്പം ഫസല്‍ വധക്കേസിലെ മറ്റൊരു പ്രതിയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേരത്തെ രാജിവച്ചിരുന്നു. രാജനൊപ്പം ചന്ദ്രശേഖരനും രാജിവയ്ക്കണമെന്നായിരുന്നു പാര്‍ട്ടി ജില്ലാനേതൃത്വത്തിന്റെ നിര്‍ദേശം എന്നാല്‍ രാജനൊപ്പം രാജിവയ്ക്കാന്‍ തയാറാകാതിരുന്ന ചന്ദ്രശേഖരന്‍ ഏറെദിവസം കഴിഞ്ഞാണു രാജിവച്ചത്. പ്രതിഷേധസൂചകമായിട്ടാണു രാജി വൈകിപ്പിച്ചതെന്നും വിലയിരുത്തപ്പെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ചന്ദ്രശേഖരന്റെ വോട്ട് അസാധുവായത് എതിര്‍പക്ഷക്കാര്‍ക്കു വീണുകിട്ടിയ ആയുധമായി.

പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ എതിരാളികള്‍ ഇതുപയോഗിക്കും. രാഷ്ട്രീയകൊലക്കേസുകളില്‍ പ്രതിയായി സിപിഎം ജില്ലാസെക്രട്ടറി ഉള്‍പ്പെടെ നിരവധി പാര്‍ട്ടിക്കാര്‍ റിമാന്‍ഡില്‍ കഴിയുന്ന സമയത്ത് ഇങ്ങനെയൊരു ആക്ഷേപമുയരുന്നത് സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലുമാക്കും. ചന്ദ്രശേഖരന്റെ വോട്ട് അസാധുവായത് സിപിഎമ്മിലെ കടുത്ത വിഭാഗീയതയുടെ തെളിവാണെന്നു കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാലകൃഷ്ണന്‍ പറഞ്ഞു. തന്റെ രാജി ആവശ്യപ്പെട്ട പാര്‍ട്ടി നേതൃത്വത്തോടുള്ള എതിര്‍പ്പു മൂലമാണു ചന്ദ്രശേഖരന്‍ വോട്ട് അസാധുവാക്കിയതെന്നു ബിജെപി തലശേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എന്‍. ഹരിദാസ് ചൂണ്ടിക്കാട്ടി.

Related posts