മുംബൈ: ബോളിവുഡില്‍ ഗോസിപ്പുകള്‍ക്ക് ഒരിക്കലും പഞ്ഞമുണ്ടാകാറില്ല. എന്നാല്‍ അത്തരത്തിലൊരു ഗോസിപ്പിന്റെ മുനയൊടിച്ചുകൊണ്ടാണ് നടി ബിപാഷ ബസു രംഗത്തെത്തിയിരിക്കുന്നത്. താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്നും, വിവാഹനിശ്ചയം കഴിഞ്ഞുവെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്നാണു ബിപാഷ പറയുന്നത്. പാപ്പരാസികള്‍ക്കു താന്‍ മറുപടി നല്‍കാറില്ലെന്നും എന്നാല്‍, ഗോസിപ്പുകള്‍ പരിധി ലംഘിക്കുന്നുവെന്നു മനസിലാക്കിയതിനാലാണ് ഇപ്പോള്‍ ഇത് പറയുന്നതെന്നും ബിപാഷ വ്യക്തമാക്കുന്നു.
തന്റെ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറയേണ്ടത് താനാണ് അല്ലാതെ മറ്റുള്ളവരല്ല. ബോളിവുഡ് നടന് കരണ്‍ സിംഗ് ഗ്രോവറുമായി ബിപാഷയുടെ വിവാഹം നിശ്ചയം കഴിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വര്‍ഷങ്ങളായി താന്‍ ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ക്ക് പാത്രമാകുകയാണെന്നും ഇനി ഇത് അനുവദിക്കാനാവില്ലെന്നും പറഞ്ഞ ബിപാഷ, തന്റെ വിവാഹമാകുമ്പോള്‍ അത് മാധ്യങ്ങളെ അറിക്കുമെന്നും വ്യക്തമാക്കി. താരങ്ങളുടെ ജീവിതമെന്നല്ല ആരുടെ ജീവിതത്തെയും ഇത്ര ലാഘവത്തോടെ കാണരുതെന്നും ബിപാഷ ഓര്‍മിപ്പിച്ചു.