തമിഴിലായാലും തെലുങ്കിലായാലും മലയാളത്തിലായാലും നല്ല അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടിയായാണു സംസ്കൃതി ഷേണായിയെ പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ഇത്തരത്തിലുള്ള സ്ഥിരം വേഷങ്ങള്‍ ചെയ്ത്താന് മടുത്തു എന്ന് നടി പറയുന്നു. ഒരു കില്ലാടി പെണ്‍കുട്ടിയുടെ വേഷം ചെയ്യാനാണത്രെ സംസ്കൃതിയുടെ മോഹം. സ്ഥിരം വേഷങ്ങള്‍ വീണ്ടും വീണ്ടും ചെയ്യുന്നതിനോട് താത്പര്യമില്ല. എനിക്ക് ലഭിക്കുന്ന തിരക്കഥയിലെ വേഷങ്ങള്‍ എല്ലാം കാണാന്‍ ഭംഗിയുള്ള, മധുരമായി സംസാരിക്കുന്ന കാമുകിയുടേതാണ്. എനിക്കൊരു കില്ലാടിയായി അഭിനയിക്കാനാണ് ഇഷ്ടം. കാമുകനുമായി വാടാ പോടാ ബന്ധം വേണം.
കാമുകനുള്‍പ്പെടെ എല്ലാവരും ചെറുതായി ഭയക്കുന്ന ഒരു കഥാപാത്രം. ഇത്തരം വേഷങ്ങള്‍ മലയാളത്തില്‍ കുറവാണെന്നും തമിഴിലും തെലുങ്കിലും അത്തരം വേഷങ്ങള്‍ നിരീക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സംസ്കൃതി പറഞ്ഞു. ഏതു ഭാഷയിലാണെങ്കിലും ഒരു കില്ലാടി വേഷം കിട്ടിയാല്‍ ചെയ്യുമെന്നും നടി വ്യക്തമാക്കി. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന മരുഭൂമിയിലെ ആന എന്ന ചിത്രത്തിലാണ് സംസ്കൃതി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അറബിനാട്ടില്‍ നിന്നു കേരളത്തില്‍ എത്തപ്പെടുന്ന ഷെയ്ഖിന്റെ വേഷത്തില്‍ ബിജു മേനോന് അഭിനയിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി എന്ന കഥാപാത്രമായി സംസ്കൃതി എത്തുന്നു. പ്രേമത്തിലൂടെ ശ്രദ്ധേയനായ കൃഷ്ണ ശേഖറിന്റെ കാമുകിയാണ് കീര്‍ത്തി. ലാലു അലക്സ് സംസ്കൃതിയുടെ അച്ഛന്റെ വേഷത്തിലെത്തുന്നു.