ടിപ്പര്‍ ലോറി പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു; അപകടം ഇന്നു പുലര്‍ച്ചെ മൂന്നിന് മലപ്പുറം എടപ്പാള്‍ കണ്ടനകത്ത്; അപകടത്തിനു കാരണം മണ്ണ് അടിച്ചുതീര്‍ക്കാനുളള അമിതവേഗത

Tipperചങ്ങരംകുളം: എടപ്പാള്‍ കണ്ടനകത്ത് ഉത്സവഘോഷയാത്രയ്ക്കിടയിലേക്ക് മണ്ണ് കയറ്റിയ ടിപ്പര്‍ ലോറി പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.  മൂതൂര്‍ തിരുവാണിയൂര്‍ സ്വദേശികളായ കല്ലുപറമ്പില്‍ അച്ചുതന്റെ മകന്‍ ബിനേഷ് (22), കല്ലുപറമ്പില്‍ അപ്പുണ്ണിയുടെ ഭാര്യ അമ്മു (55) എന്നിവരാണ് മരിച്ചത്.

ഇന്നു പുലര്‍ച്ചെ മൂന്നിന് കണ്ടനകം ആനക്കര റോഡില്‍ പാലപ്ര യൂണിയന്‍ ഷെഡിന് സമീപത്താണ് സംഭവം. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ പാതിരാത്താലം ചടങ്ങിന് പോവുകയായിരുന്നവര്‍ക്കുനേരെ ലോറി പാഞ്ഞുകയറുകയായിരുന്നു. ചേകനൂരില്‍ കുന്നിടിച്ച് മണ്ണ് കൊണ്ടുപോകുകയായിരുന്ന ലോറിയാണ് അപകടം വരുത്തിയത്. അപകടത്തില്‍ രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം കുന്നംകുളത്തെയും പൊന്നാനിയിലെയും സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊന്നാനി പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

അപകടത്തിനു കാരണം മണ്ണ് അടിച്ചുതീര്‍ക്കാനുളള അമിതവേഗത

ചങ്ങരംകുളം: കണ്ടനകത്ത് രണ്ടുപേര്‍ മരിക്കാന്‍ ഇടയാക്കിയ അപകടം പോലീസ് വരുന്നതിനുമുമ്പ് കരാര്‍ പ്രകാരമുളള മണ്ണ് അടിച്ചുതീര്‍ക്കാനുളള ഓട്ടത്തിനിടയില്‍. ചേകനൂരില്‍ കുന്നിടിച്ച് മണ്ണ് കടത്തുന്ന സംഘത്തെ ജെസിബിയും, ലോറിയുമടക്കം രണ്ടുദിവസംമുമ്പ് പൊന്നാനി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്നലെ രാത്രിയിലും ഇവിടെ മണ്ണെടുക്കുന്ന വിവരം അറിഞ്ഞെത്തിയ പൊന്നാനി പോലീസ് രാത്രി ഒരു മണിയോടെ ഒരു ടിപ്പര്‍ കസ്റ്റഡിയില്‍ എടുത്തു പോലീസ് സ്റ്റേഷനിലേക്കു മാറ്റിയിരുന്നു.

ഉത്സവത്തോടനുബന്ധിച്ച് നടന്ന താലമെടുക്കുന്നതിനായി കുടുംബക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ജനത്തിനുനേരെ അമിതവേഗതയിലെത്തിയ മണ്ണ് കടത്തുസംഘത്തിലെ മറ്റൊരു ടിപ്പര്‍ ലോറി പാഞ്ഞുകയറുകയായിരുന്നു. പോലീസ് എത്തുന്നതിനുമുമ്പ് മണ്ണ് അടിച്ചുതീര്‍ക്കാന്‍ അമിതവേഗതയില്‍ ലോറി ഓടിക്കുകയായിരുന്നു. ഇതാണ് അപകടം വരുത്തിവച്ചത്. ഈ മേഖലയില്‍ പലപ്പോഴും രാത്രി മണ്ണ്, മണല്‍ മാഫിയ ഭീതിവിതച്ചാണ് ടിപ്പറുകളുമായി പായുന്നത്. അപകടം വരുത്തിയ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ പേരില്‍ പോലീസ് കേസെടുത്തു.

Related posts