പാപ്പിനിശേരി: സിപിഎം നിയന്ത്രണത്തിലുള്ള ബസ് ഷെല്‍ട്ടര്‍ അടിച്ചുതകര്‍ത്തു. പാപ്പിനിശേരി വെസ്റ്റിലെ ഇല്ലിപ്പുറം മഠത്തുംകൊവ്വ ലില്‍ സ്ഥിതിചെയ്യുന്ന ബസ് ഷെല്‍ട്ടറാണ് ഇന്നു പുലര്‍ച്ചെ ഒരുസംഘം തകര്‍ത്തത്. സമീപത്തുണ്ടായിരുന്ന പ്രചാരണബോര്‍ഡുകള്‍, കൊടിമരങ്ങള്‍ എന്നിവയും നശിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് വളപട്ടണം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നില്ലെന്നു സിപിഎം ആരോപിച്ചു. തികച്ചും സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ആക്രമണം നടത്തി മുതലെടുപ്പ് നടത്താനുള്ള കുത്സിതനീക്കം ജനങ്ങള്‍ തിരിച്ചറിയണമെന്നു സിപിഎം പാപ്പിനിശേരി വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.വി. രമേശന്‍ പ്രസ്താവിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് പാപ്പിനിശേരി വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ മഠത്തുംകൊവ്വലില്‍ പ്രതിഷേധപ്രകടനം നടന്നു. പാപ്പിനിശേരി ഏരിയാ കമ്മിറ്റി അംഗം പി.പി. ഷാജിര്‍, ലോക്കല്‍ സെക്രട്ടറി കെ.വി. രമേശന്‍, സി. മോഹനന്‍, കെ. രാജേഷ്, മുകേഷ് കല്ലേന്‍ എന്നിവര്‍ നേതൃത്വം നല്കി. പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയതായി വളപട്ടണം സിഐ ടി.പി. ശ്രീജിത്ത് അറിയിച്ചു.