പെരിന്തല്‍മണ്ണ: തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് സംസ്ഥാനത്ത് കുഴല്‍പ്പണം ഒഴുകുന്നു. തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി അതിര്‍ത്തികളില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം പെരിന്തല്‍മണ്ണയില്‍ ഒന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടിയ സംഭവത്തില്‍ പ്രത്യേക പോലീസ് സംഘം അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിക്കും. കുഴപ്പണസംഘത്തിലെ മുഖ്യകണ്ണികള്‍ക്കായി അന്വേഷണം ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു. ബാംഗഌരില്‍ നിന്നാണ് കുഴല്‍പ്പണം കൊണ്ടുവന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുഴല്‍പ്പണം ഒഴുകുന്നതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. നേരത്തെയും സംഘം നിരവധി തവണ കുഴല്‍പ്പണം കടത്തിയതായും വിവരമുണ്ട്. ടൂറിസ്റ്റ് വാഹനങ്ങളിലും ആഡംബരവാഹനങ്ങളിലുമാണ് ഹവാലപ്പണം സംഘം കടത്തുന്നത്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇത്തരം ഹവാല പണത്തിന്റെ ഒഴുക്കു നിയന്ത്രിക്കാന്‍ എല്ലാ വിധ നടപടിയും സ്വീകരിച്ചു കഴിഞ്ഞതായി പെരിന്തല്‍മണ്ണ ഡിവൈഎസ്പി അറിയിച്ചു. ഇന്നലെ ഹവാല കരിയര്‍മാരായ രണ്ടു പേരെയാണ് പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. ബംഗഌരുവില്‍ നിന്നു കേരളത്തിലേക്കു കാര്‍ മാര്‍ഗം കടത്തുകയായിരുന്ന ഒരു കോടി പത്തൊമ്പതു ലക്ഷത്തി എഴുപത്തിരണ്ടായിരം രൂപയുമായി പാലക്കാട് ജില്ലയിലെ പട്ടാമ്പി തൃപ്പങ്കാവില്‍ കൈപ്പുറം മുഹമ്മദ് നവാസ് (26), പട്ടാമ്പി തൃപ്പങ്കാവില്‍ കൈപ്പുറം അബ്ദുള്‍ റഷീദ് (35) എന്നിവരെയാണ് പെരിന്തല്‍മണ്ണ തൂതയില്‍ വച്ച് ജില്ലാ പോലീസ് മേധാവി കെ. വിജയന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പണം കടത്താന്‍ ഉപയോഗിച്ച മാരുതി റിറ്റ്‌സ് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.കാറിന്റെ മുന്‍സീറ്റുകളുടെ അടിഭാഗത്ത് പ്രത്യേക അറയുണ്ടാക്കി അതിനുള്ളില്‍ 1000, 500 രൂപയുടെ നോട്ടുകള്‍ ഭദ്രമായി അടുക്കിവച്ച നിലയിലായിരുന്നു.
സാധാരണ വാഹന പരിശോധനയില്‍ പെട്ടെന്നു കണ്ടുപിടിക്കാന്‍ കഴിയാത്തവിധമാണ് കാറിനുള്ളില്‍ അറകള്‍ നിര്‍മിച്ചിരുന്നത്. സംസ്ഥാനത്തു വിവിധ ജില്ലകളില്‍ വേരോട്ടമുള്ള കുഴല്‍പ്പണ ഇടപാടുസംഘത്തിലെ കാരിയര്‍മാരാണ് പിടിയിലായവരെന്ന് പോലീസ് അറിയിച്ചു. രഹസ്യവിവരമനുസരിച്ചു പെരിന്തല്‍മണ്ണ തൂതയില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് കുഴല്‍പ്പണസംഘം സഞ്ചരിച്ച വാഹനം പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി.എം. വര്‍ഗീസ്, സി.ഐ എ.എം. സിദീഖ് എന്നിവരുടെ കീഴിലുള്ള പെരിന്തല്‍മണ്ണ ഷാഡോ പോലീസ് പിടികൂടിയത്.
മാസങ്ങള്‍ക്കു മുമ്പ് ഇത്തരത്തില്‍ ആഡംബര വാഹനങ്ങളില്‍ മലപ്പുറം ജില്ലയിലേക്കു കൊണ്ടുവന്ന ആറു കോടിയോളം രൂപയും 13 കിലോ സ്വര്‍ണവും രണ്ടു തവണകളിലായി പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു.എസ്‌ഐ ജോബി തോമസ്, എഎസ്‌ഐ പി. മോഹന്‍ദാസ്, പി.എന്‍. മോഹനകൃഷ്ണന്‍, സി.പി. മുരളി, വിനോജ്, ബി. സജീവ്, ദിനേശന്‍, കൃഷ്ണകുമാര്‍, എന്‍.വി. ഷബീര്‍, അഭിലാഷ്, ടി. കുഞ്ഞയമു, ജയമണി, മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ ചേര്‍ന്നാണ് കുഴല്‍പ്പണ സംഘത്തെ പിടികൂടിയത്.