ചെറായി: പലചരക്ക് വ്യാപാരിയെ ആക്രമിച്ച് പണം കവര്‍ന്ന സംഭവത്തില്‍ മുനമ്പം പോലീസ് അറസ്റ്റ് ചെയ്ത രണ്ടംഗസംഘത്തെ കോടതി റിമാന്റ് ചെയ്തു. കോവിലകത്തും കടവ് ചിലങ്ങര ജോയിയുടെ മകന് നിധിന്-26, സുഹൃത്ത് കോവിലകത്തും കടവ് ചീനക്കപ്പറമ്പില് മാര്‍ട്ടിന്റെ മകന് മനോജ് -24 എന്നിവരാണ് റിമാന്റിലായത്. തിങ്കളാഴ്ച രാത്രിയാണ് ഇരുവരും അറസ്റ്റിലായത്. ഇതില്‍ നിധിന് മുനമ്പം ഹാര്‍ബറിലെ മത്സ്യം കയറ്റിപ്പോകുന്ന വാഹനത്തിലെ ഡ്രൈവറാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ നാലിനാണ് കവര്‍ച്ച നടന്നത്. കോട്ടപ്പുറം ചന്തയില്‍ സാധനങ്ങള്വാങ്ങാനായി കോവിലത്തും കടവില്‍ ബസ് കയറാന്‍ നിന്നിരുന്ന പള്ളിപ്പുറം കോവിലകത്തും കടവ് സ്വദേശി ചക്കംതറ സുകുമാരന്റെ-61 പണമാണ് ഇരുവരും ചേര്‍ന്ന് കവര്‍ന്നെടുത്തത്.
ഇരുട്ടിന്റെ മറവില്‍ പിന്നിലൂടെ എത്തിയ സംഘത്തിലെ മനോജ് സുകുമാരന്റെ വായ പൊത്തിപ്പിടിക്കുകയും തുടര്‍ന്ന് നിധിനും എത്തി പൊക്കിയെടുത്ത് മാറ്റിക്കിടത്തി ട്രൗസറിന്റെ പോക്കറ്റില്‍ നിന്നു 40000 കവര്ന്നെന്നുമായിരുന്നുവെന്നാണ് പരാതി. എന്നാല്‍ 36000 രൂപയെ ഉണ്ടായിരുന്നുള്ളുവെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു.18000 രൂപ വീതം ഇരുവരും പങ്കിട്ടെടുത്തുവത്രേ. സംഭവസ്ഥലത്ത് നിന്നും ഒരു മുണ്ടും, ഒരു ജോഡി ചെരുപ്പും പോലീസ് കണ്ടെടുത്തിരുന്നു. പോലീസ് നായ സ്ഥലത്ത് എത്തി ചെരുപ്പിന്റേയും മുണ്ടിന്റേയും മണം പിടിച്ചശേഷം നേരെ കോവിലകത്തും കടവ് പടിഞ്ഞാറോട്ട് ഓടുകയും അവിടെ ആളൊഴിഞ്ഞ ഒരു വീട്ടില്‍ കയറി അല്‍പ്പനേരം കിടന്ന ശേഷം നേരെ പള്ളിപ്പുറം ഭാഗത്ത് മാല്യങ്കര പാലത്തിന്റെ അപ്രോച്ചിനടിയില് എത്തി നില്‍ക്കുകയായിരുന്നു.
രണ്ട് പേരെ ആയിടക്ക് കസ്റ്റഡിയിലെടുത്തെങ്കിലും കേസ് തെളിഞ്ഞില്ല. പിന്നീട് പോലീസ് രഹസ്യമായ് അന്വേഷണം തുടരുന്നതിനിടയിലാണ് യഥാര്‍ഥ പ്രതികള്‍ പിടിയിലായത്. പ്രതികളില്‍ നിധിനു സാമ്പത്തികമായി ഉണ്ടായ ബുദ്ധിമുട്ടാണ് മോഷണം ആസൂത്രണം ചെയ്യാനുണ്ടായ സാഹചര്യമെന്ന് പോലീസ് പറഞ്ഞു. വ്യാപാരി പണവുമായി ചന്തയില്‍ പോകുന്നകാര്യം അറിയാവുന്ന ഇവര്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്താണ് മോഷണം നടത്തിയത്. ഇതിനു മുമ്പ് മോഷണ പാശ്ചാത്തലമില്ലാതിരുന്നതാണ് പ്രതികളെ സംശയിക്കാതിരുന്നതെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ എസ് ഐ ജി അരുണ്‍, സീനിയര്‍ സിപിഒ സിജു, സിപിഒ ബിജു എന്നിവരും ഉണ്ടായിരുന്നു. പോലീസിനെ നാണം കെടുത്തിയ കേസ് തെളിഞ്ഞപ്പോള്‍ പോലീസിനു തന്നെ അഭിമാനമായി.