തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് മണിയുടെ ഔട്ട്ഹൗസായ പാഡിയില്‍ ഡിവൈഎസ്പി സുദര്‍ശനന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം പരിശോധന വ്യാപകമാക്കി. പാഡിയുടെ സെപ്റ്റിക് ടാങ്കില്‍ കുപ്പി കണ്ടെത്തി. പത്തിലധികം കുപ്പികള്‍ ഈ ഭാഗത്തു നിന്നും ലഭിച്ചിട്ടുണ്ട്.
ബ്രൗണ്‍ നിറത്തിലുള്ള ദ്രാവകമടങ്ങിയ ചെറിയ കുപ്പി കീടനാശിനിയുടേതാണോ എന്നറിയാന്‍ പോലീസ് ഇത് വിദഗ്ധപരിശോധനക്കയക്കും. പാഡിയിലെ പറമ്പിലെ മണ്ണ് കിളച്ചുമറിച്ചും അന്വേഷണസംഘം തിരച്ചില്‍ നടത്തുന്നുണ്ട്. എന്തെങ്കിലും ഇവിടെ മറവു ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് പോലീസ് ഇവിടെ തിരച്ചില്‍ നടത്തുന്നത്. പാഡിയിലെ അടഞ്ഞുകിടക്കുന്ന മോട്ടോര്‍പുരയുടെ താക്കോല്‍ ഇന്നുരാവിലെ ഡിവൈഎസ്പി സുദര്ശന് മണിയുടെ സഹോദരനില്‍ നിന്നും വാങ്ങി മോട്ടോര്‍പുര തുറന്ന് പരിശോധന നടത്തി.