കാഞ്ഞിരപ്പുഴ ജലസേചനപദ്ധതി: സമ്പൂര്‍ണ ഉദ്ഘാടനത്തിനു കാത്തിരിപ്പു തുടരുന്നു

pkd-damkanjirappuzhaമണ്ണാര്‍ക്കാട്: ഭാഗിക ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും സമ്പൂര്‍ണ ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണ് കാഞ്ഞിരപ്പുഴ ജലസേചനപദ്ധതി. 1980-ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരാണ് കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ ഭാഗിക ഉദ്ഘാടനം നടത്തിയത്.എന്നാല്‍ 33 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിയുടെ സമ്പൂര്‍ണ ഉദ്ഘാടനം നടത്താന്‍ ഇതുവരെ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. മണ്ണാര്‍ക്കാട് താലൂക്കിലെ മണ്ണാര്‍ക്കാട്, കാരാകുര്‍ശി, കരിമ്പ, തച്ചമ്പാറ, കുമരംപുത്തൂര്‍, തെങ്കര, തച്ചനാട്ടുകര, ഒറ്റപ്പാലം താലൂക്കിലെ ശ്രീകൃഷ്ണപുരം, പൂക്കോട്ടുകാവ്, ഒറ്റപ്പാലം, കടമ്പഴിപ്പുറം, കരിമ്പുഴ, വെള്ളിനേഴി എന്നീ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കാര്‍ഷികാവശ്യങ്ങള്‍ക്ക് വെള്ളമെത്തിക്കുന്നതിനുവേണ്ടിയാണ് ജലസേചനപദ്ധതിക്ക് തുടക്കംകുറിച്ചത്.

ഉദ്ഘാടന ചടങ്ങില്‍ ജലസേചനമന്ത്രി ഡോ. എ.സുബ്ബറാവുവായിരുന്നു അധ്യക്ഷത വഹിച്ചത്. നിലവില്‍ കോടികള്‍ ചെലവഴിച്ച് ലക്ഷ്യം കാണാതിരിക്കുന്ന പദ്ധതികളിലൊന്നായി മാറിയിരിക്കുകയാണ് കാഞ്ഞിരപ്പുഴ ജലസേചനപദ്ധതി. 1960-62 കാലഘട്ടത്തിലാണ് കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്കുന്നത്. 1970-ല്‍ ഡാമിന്റെ നിര്‍മാണോദ്ഘാടനം നടത്തി.പത്തുകോടിയോളം രൂപ ചെലവഴിച്ചായിരുന്നു നിര്‍മാണം തുടങ്ങിയത്. 33 വര്‍ഷം കഴിയുമ്പോഴേയ്ക്കും നൂറുകോടിയിലധികം രൂപ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിക്കായി ഇതുവരെ ചെലവഴിച്ചു.

കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകാന്‍ തുടങ്ങിയ കാഞ്ഞിരപ്പുഴ, തെങ്കര, കാരാകുറിശി, കരിമ്പ എന്നീ പഞ്ചായത്തുകളിലെ കാര്‍ഷിക തളര്‍ച്ചയ്ക്കും ഇതു കാരണമായി. ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട ഡാമിലെ വെള്ളം കൃഷിയിടങ്ങളിലേക്കെത്തിക്കാന്‍ വലിയ കനാല്‍ ശൃംഖല തന്നെയാണ് വിഭാവനം ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായി കൃഷിയിടങ്ങളിലൂടെയും സ്വകാര്യവ്യക്തികളുടെ പറമ്പുകളിലൂടെയും വലിയ കനാലുകള്‍ നിര്‍മിച്ചിരുന്നു.ഇതുമൂലം കൃഷിയിടങ്ങളിലെ ജലാംശം വ്യാപകമായി കുറയുകയും ഇതുവഴി സ്ഥിരമായി കൃഷിയിറക്കിയിരുന്ന പലയിടത്തും  കൃഷി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുമുണ്ടായി. കാര്‍ഷിക വളര്‍ച്ചയ്ക്കുവേണ്ടി രൂപപ്പെടുത്തിയ കനാല്‍ കാര്‍ഷിക തളര്‍ച്ചയ്ക്കും കാരണമായി.

ഓരോവര്‍ഷവും ഡാമിന്റെയും കനാലുകളുടെയും അറ്റകുറ്റപ്പണികള്‍ക്കായി ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. കനാലുകളുടെ നിര്‍മാണത്തിലും വ്യാപക അപാകത നടന്നിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡാമില്‍നിന്നും ഒറ്റപ്പാലം മേഖലയിലേക്ക് വെള്ളംകൊണ്ടുപോകുന്ന വലതുകനാലും  തെങ്കര മേഖലയിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇടതുകനാലുമാണുള്ളത്.ഇതില്‍ വലതുകനാലിന്റെ ഒറ്റപ്പാലം മേഖലയിലേക്ക് ഇതുവരെയും വെള്ളമെത്തിയിട്ടില്ല.  നിര്‍മാണത്തിലുള്ള അപാകതയാണ് ഇതിനു കാരണം. 28 മീറ്റര്‍ സംഭരണശേഷിയുള്ള ഡാമാണ് നിര്‍മിച്ചതെങ്കിലും ഇന്ന് 25 മീറ്റര്‍ വെള്ളം സംഭരിക്കാനുള്ള സര്‍ക്കാര്‍ അനുമതി മാത്രമേ കാഞ്ഞിരപ്പുഴ ഡാമിനുള്ളൂ. കഴിഞ്ഞ രണ്ടുവര്‍ഷംമുമ്പും കേന്ദ്ര സര്‍ക്കാര്‍ കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിക്കായി വന്‍തുക ചെലവഴിച്ചിരുന്നു. ലക്ഷ്യം കാണാത്ത പദ്ധതി എങ്ങനെ ഉദ്ഘാടനം ചെയ്യുമെന്ന സംശയവും അധികൃതര്‍ക്കുണ്ട്. സമ്പൂര്‍ണ കമ്മീഷനിംഗ് എന്നു നടക്കുമെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഇന്നും മറുപടിയില്ല.

Related posts