ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതിയുടെ ഭാഗമായി ക്ഷേത്രം കിഴക്കേനടയിലേക്കുള്ള റോഡ് കുഴിച്ചിട്ടതോടെ ജനങ്ങളും തീര്‍ഥാടകരും ദുരിതത്തിലായി. അവധി ദിവസങ്ങളില്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയവര്‍ റോഡ് കുഴിച്ചതറിയാതെ വലഞ്ഞു. ക്ഷേത്രനടയിലേക്ക് പ്രവേശിക്കുന്ന റോഡിലൂടെസഞ്ചാര സ്വാതന്ത്ര്യവും ഇല്ലാതായി. വിവാഹത്തിനെത്തുന്ന വധൂവരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍ പെടാതെ ക്ഷേത്രനടയിലേക്കെത്തണമെങ്കില്‍ ഗുരുവായൂരപ്പന്‍ കാക്കണ്ടേ സ്ഥിതിയിലാണ്. ഒരാള്‍ക്ക് കാല്‍ വയ്ക്കാവുന്ന സ്ഥലമൊഴികെ ബാക്കിയുള്ള ഭാഗമെല്ലാം പത്ത് അടിയോളം താഴ്ചയില്‍ കുഴിച്ചിട്ടിരിക്കുകയാണ്.
കുഴിയിലെ മണ്ണ് പുറത്ത് കുന്നു പോലെ കൂട്ടിയിട്ടിട്ടുള്ളതിനാല്‍ ആയിരങ്ങള്‍ കടന്നുപോകുന്ന റോഡില്‍ അപകട സാധ്യത വര്‍ധിച്ചു. ഈവഴിക്കുള്ള വാഹനഗതാഗതവും നിലച്ചു. അവധി ദിവസങ്ങളില്‍ ക്ഷേത്ര നഗരി ഗതാഗതകുരുക്കിലായി. റോഡ് കുഴിച്ചിട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതരുടെ റോഡ് പണി പൂര്‍ത്തിയാക്കാത്തില്‍ ഭക്തര്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ പ്രതിഷേധം വ്യാപകമായി. ഒരു ജെസിബിയും ഏതാനും പണിക്കാരും മാത്രമാണ് പണിയെടുക്കാനുള്ളത്. 2011ല്‍ തുടങ്ങിയ പൈപ്പിടല്‍ പ്രവര്‍ത്തിയാണ് കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും അനാസ്ഥയില്‍ അനന്തമായി നീണ്ടുപോകുന്നത്. അഴുക്കുചാല്‍ പദ്ധതിക്കായി കുഴിച്ചിട്ടുള്ള റോഡുകള്‍ ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.