മടി എന്ന ഒറ്റക്കാരണത്താൽ വിദ്യാഭ്യാസത്തെ അവഗണിക്കുന്ന കുട്ടികൾ അറിയണം ഓരോ ദിവസവും സ്കൂളിൽ പോകുവാനായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു ഗ്രാമത്തിലെ ഏതാനും കുട്ടികളുടെ ദയനീയാവസ്ഥ. പഠിക്കുക എന്ന വാശി മനസിൽ കയറിക്കൂടിയ അവർ കഷ്ടപ്പാടുകളെ ചെറുപുഞ്ചിരിയോടെയാണ് നേരിടുന്നത്. ഇതാണ് അവരുടെ ആയുധവും. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലുള്ള ഗുന്ദ്രി എന്ന ഗ്രാമത്തിലെ ഇരുപത്തിയാറ് കുഗ്രാമങ്ങളിലായുള്ള കുട്ടികളാണ് അറിവുനേടാൻ ദുരിതമനുഭവിക്കുന്നത്. സ്കൂളിലേക്കുള്ള സഞ്ചാരമാണ് ഇവരുടെ മുന്പിൽ വില്ലനായി നിൽക്കുന്നത്.
കടന്പൂരിലുള്ള സ്കൂളിലെത്തുവാനായി പുലർച്ചെ അഞ്ചിന് വീട്ടിൽ നിന്നും ഇറങ്ങുന്ന ഇവർ തിരികയെത്തുന്നത് രാത്രി പത്തിനാണ്. ദിവസേന ഒരു ബസ് സർവീസ് മാത്രമാണ് ഇവിടെയുള്ളത്. പുലർച്ചെ അഞ്ചരയ്ക്ക് ഗുന്ദ്രിയിൽ എത്തുന്ന ഈ ബസ് ആളുകളുമായി പോയതിനു ശേഷം പിന്നീട് തിരികെ ഇവിടെയെത്തുന്നത് രാത്രിയിലാണ്. ഏണീൽക്കാൻ അൽപ്പം താമസിക്കുന്നവർക്ക് ബസ് കിട്ടിയില്ലെങ്കിൽ അന്നത്തെ അവരുടെ വിദ്യാഭ്യാസം മുടങ്ങും. എന്നാൽ നടന്ന് എത്താമെന്ന് തീരുമാനിച്ച് നടക്കാൻ ഒരുങ്ങിയാലോ, സത്യമംഗലം കടുവാസംരക്ഷണ കേന്ദ്രത്തിലൂടെ 19 കിലോമീറ്റർ ദൂരമാണ് ഇവർക്ക് താണ്ടേണ്ടത്.
കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ച് പുറംലോകം അറിഞ്ഞപ്പോൾ ഇത് വിശ്വസിക്കാൻ ആരും തയാറല്ലായിരുന്നു. സംഭവം ആദ്യം അറിഞ്ഞ മാധ്യമപ്രവർത്തകർ ഇവിടെയെത്തി കുട്ടികൾക്കൊപ്പം സ്കൂളിലേക്കും അവിടെ നിന്നും തിരികെ വീട്ടിലേക്കും അവർക്കൊപ്പം യാത്ര ചെയ്ത് കുട്ടികളുടെ ദുരനുഭവം നേരിട്ട് മനസിലാക്കിയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഗുന്ദ്രിയിലും സമീപത്തെ ഇരുപത്തിയാറ് കുഗ്രാമങ്ങളിൽ നിന്നുമായി ഏകദേശം 5,000 ആളുകൾ താമസിക്കുന്നുണ്ട്. കൃഷിയാണ് ഏക ഉപജീവനമാർഗം. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സെങ്കോട്ടയ്യൻ ഈ സ്കൂളിലെ വിദ്യാർഥികൾക്കായി ഒരു മിനി വാൻ നൽകുമെന്ന് അറിയിച്ചിരുന്നു.
ഗുന്ദ്രിയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ സ്കൂൾ സ്ഥാപിച്ചത് ക്രിസ്ത്യൻ പുരോഹിതന്മാരുടെ നേതൃത്വത്തിൽ 1910ലാണ്. കുട്ടികളുടെ എണ്ണത്തിൽ വർധന ഉണ്ടായത് കൊണ്ട് 1975ൽ ഇത് അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. മാത്രമല്ല ഗവണ്മെന്റ്- എയ്ഡഡ് പദവി ലഭിക്കുകയും ചെയ്യ്തു. തുടർവിദ്യാഭ്യാസത്തിന്റെ ആവശ്യമുണ്ടെന്നു മനസിലാക്കിയ സ്കൂൾ അധികൃതർ സെൽഫ് ഫിനാൻസിംഗ് വിഭാഗത്തിൽ പത്ത് വരെയുള്ള ക്ലാസുകൾ ഇവിടെ ആരംഭിക്കുകയും ചെയ്തു.
പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയതിനു ശേഷം ഹയർസെക്കൻഡറി, കോളജ് വിദ്യാഭ്യാസം നേടണ്ടവരാണ് ഇവിടെ നിന്നും കടമ്പൂർ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലും കോളജിലും പോകുന്നത്. ഗുന്ദ്രിയിൽ നിന്നും സമീപത്തെ ഇരുപത്തിയാറ് കുഗ്രാമങ്ങളിൽ നിന്നുമായി ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിനായി അവിടേക്കു പോകുന്ന മുപ്പത്തിരണ്ട് കുട്ടികളിൽ പതിനെട്ടുപേർ പെണ്കുട്ടികളാണ്. കൂടാതെ ഇവിടെ നിന്നും കോളജിലേക്കു പോകുന്ന പതിനെട്ട് കുട്ടികളാണുള്ളത്. അതിൽ ഏഴു പേരും പെണ്കുട്ടികളാണ്. ബിരുദം നേടാനായി ഇവർ ഗ്രാമത്തിൽ നിന്നും അന്പത്തിനാല് കിലോമീറ്റർ യാത്ര ചെയ്ത് സത്യമംഗലം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിലാണ് പഠിക്കുന്നത്.
എല്ലാ ദിവസവും പുലർച്ചെ നാലരയ്ക്ക് എഴുന്നേറ്റങ്കിൽ മാത്രമേ അഞ്ചരയ്ക്കുള്ള ബസ് തനിക്കു ലഭിക്കൂ എന്നാണ് ഗുന്ദ്രിയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ മഹാലിത്തൊട്ടിയിൽ താമസിക്കുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ കെ. അഹല്യ പറയുന്നത്. രണ്ടാം വർഷം ബിരുദ വിദ്യാർഥിനിയായ എം. പ്രിയ പറയുന്നതിങ്ങനെ: “എന്റെ അച്ഛൻ കോയന്പത്തൂരിൽ ജോലിയായിരുന്നത് കൊണ്ട് സ്കൂൾ വിദ്യാഭ്യാസം ഞാൻ അവിടെ നിന്നുമാണ് പൂർത്തിയാക്കിയത്. എന്നാൽ കോവിലൂരിൽ വന്നതിൽ പിന്നെ എന്നും കഷ്ടപ്പാടാണ്. നാലു മണിക്ക് പൂർത്തിയാകുന്ന ക്ലാസിനു ശേഷം ബസിനായി മൂന്നു മണിക്കൂർ വരെയാണ് കാത്തുനിൽക്കേണ്ടത്…’
പരീക്ഷാ സമയങ്ങളിലാണ് ഈ കുട്ടികൾ കുടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. ഉച്ചയ്ക്ക് പൂർത്തിയാകുന്ന ക്ലാസിനു ശേഷം രാത്രി വരെ ബസിനായി കുട്ടികൾക്കു കാത്തുനിൽക്കേണ്ടി വരുന്നു. കുട്ടികളെ പോലെ തന്നെ ഇവരെ സ്കൂളുകളിലേക്ക് യാത്രയാക്കുന്ന അമ്മമാരും വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. രാത്രി ഭക്ഷണം കഴിച്ച് പതിനൊന്നാകുന്പോൾ കിടക്കുന്ന ഇവർ പുലർച്ചെ മൂന്നിനു എഴുന്നേറ്റാൽ മാത്രമേ കുട്ടികൾക്കുള്ള ഭക്ഷണം തയാറാക്കി കൃത്യസമയത്തിന് അവരെ സ്കൂളിലേക്ക് അയക്കാൻ സാധിക്കു.
ഗുന്ദ്രിയിൽ നിന്നും സത്യമംഗലത്തേക്ക് തമിഴ്നാട് ട്രാൻസ്പോർട്ട് സർവീസിന്റെ ഒരു ബസ് മാത്രമേ അനുവദിച്ചിട്ടുള്ളു. അവിടെ എത്താൻ മൂന്നേമുക്കാൽ മണിക്കൂർ യാത്ര ചെയ്യണം. ഇപ്പോൾ ഇവിടെ നിന്നുള്ള ഒരു സർവീസിൽ ഏകദേശം എണ്ണായിരത്തോളം രൂപ ലഭിക്കും. ബസ് സർവീസ് വർധിപ്പിച്ചാൽ കൂടുതൽ തുക ലഭിക്കുമെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റായ ജി.വി. രവിചന്ദർ അഭിപ്രായപ്പെടുന്നു.
ഗുന്ദ്രിയിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിക്കാനും ബസിന്റെ സമയത്തിൽ വ്യത്യാസം വരുത്താനുമായി തനിക്ക് അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും ഈ ആവശ്യങ്ങൾ നടപ്പിലാക്കാനായി ട്രാൻസ്പോർട്ട് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ടെന്നും ഈറോഡ് കളക്ടർ എസ്. പ്രഭാകരൻ അറിയിച്ചു. ഗുദ്രിയിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് കുട്ടികളുടെ ദുരവസ്ഥയെപ്പറ്റി അറിഞ്ഞ വിദ്യാഭ്യാസ മന്ത്രി സെങ്കോട്ടയ്യൻ പറഞ്ഞത്.
ഗ്രാമവാസികൾക്കും കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ബസുകളുടെ സമയത്തിൽ മാറ്റം വരുത്തുന്നതിനായി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സ്കൂൾ എഡ്യുക്കേഷൻ സെക്രട്ടറി പ്രദീപ് യാദവ്, ഈറോഡ് കളക്ടർ എസ്. പ്രഭാകർ എന്നിവർ അറിയിച്ചു