ജലസ്രോതസുകള്‍ പലപ്പോഴും മലിനപ്പെട്ടവയായിരിക്കും. വക്കുകള്‍ കെട്ടി സംരക്ഷിക്കപ്പെടാത്ത കുളങ്ങളിലും കിണറുകളിലും മറ്റും സമീപപ്രദേശങ്ങളിലെ കക്കൂസ്മാലിന്യങ്ങള്‍ കലരാനുളള സാധ്യതയുണ്ട്. അറവുശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കലരാനിടയായാല്‍ ജലം അണുക്കളുടെ താവളമാവും. മഴക്കാലത്തു നാട്ടിലെ സകല മാലിന്യങ്ങളെയും വഹിച്ചു വരുന്ന മഴച്ചാലുകള്‍ പലപ്പോഴും ഇത്തരം സംരക്ഷിക്കപ്പെടാത്ത ജലസ്രോതസുകളെ മലിനമാക്കുന്നു. വീടുകളില്‍
നിന്നുള്ള ജൈവമാലിന്യങ്ങളും രാസമാലിന്യങ്ങളും ജലസ്രോതസുകള്‍ മലിനമാക്കുന്നുണ്ട്. അടുക്കളയില്‍ നിന്നുള്ള മലിനജലം, തുണി കഴുകിയ ശേഷമുളള സോപ്പും ഡിറ്റര്‍ജന്റും കലര്‍ന്ന ജലം, കുളിമുറിയില്‍ നിന്നുളള മലിനജലം, കക്കൂസ് മാലിന്യങ്ങള്‍ എന്നിവ പലയിടങ്ങളിലും ജലസ്രോതസുകളിലെത്തുന്നു.
ഇനി ഗ്രാമങ്ങളിലെ കഥ. ഇപ്പോള്‍ കീടനാശിനികള്‍ ഉപയോഗിക്കാത്ത കൃഷിയിടങ്ങള്‍ വിരളമാണല്ലോ. ജൈവകൃഷിയിടങ്ങളിലൊഴികെ വിത്തു വിതയ്ക്കുമ്പോള് മുതല്‍ വിളവെടുപ്പുവരെ കീടനാശിനി- രാസവള – കളനാശിനി പ്രയോഗം വ്യാപകം.നിരോധിക്കപ്പെട്ട കീടനാശിനികള്‍ വരെ പലരും പ്രയോഗിക്കുന്നു.
വിളകളില്‍ പ്രയോഗിക്കുന്ന കീടനാശിനികളും മറ്റു രാസപദാര്‍ഥങ്ങളും സമീപത്തെ ജലസ്രോതസുകളിലെത്തുന്നു. മണ്ണില്‍ യഥേഷ്ടം ചേര്‍ക്കുന്ന രാസവളവും കൂടിയാകുമ്പോള്‍ നീരുറവകളും കിണറുകളും ചെറുപുഴകളും നദികളും കൈത്തോടുകളും വരെ മലിനമാകുന്നു.
കീടനാശിനിപ്രയോഗത്തിനു ശേഷം പലരും ഉപകരണങ്ങള്‍ വൃത്തിയാക്കുന്നത് പുഴകളിലും കുളങ്ങളിലുമാണ്. കീടനാശിനി കലര്‍ന്ന വെള്ളം പതിവായി കുടിക്കാനിടയാകുന്നതു വിവിധതരത്തിലുളള കാന്‍സറുകള്‍ക്കു കാരണമാകുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു.
ജനസാന്ദ്രതയാണ് കേരളത്തിലെ പുഴകളില്‍ മാലിന്യനിക്ഷേപത്തിന്റെ തോതു കൂട്ടുന്നത്. പുഴകളിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതോടെ നമ്മുടെ ചുറ്റുപാടുകള്‍ വൃത്തിയായതായി കരുതുന്നവരുണ്ട്. വീടുകളിലെ മാലിന്യങ്ങള്‍, വ്യവസായ ശാലകളിലെ മാലിന്യങ്ങള്‍, കാര്‍ഷിക മാലിന്യങ്ങള്‍, രാസമാലിന്യങ്ങള്‍… എല്ലാം അന്തിമമായി കേരളത്തിലെ 44 പുഴകളിലെത്തുന്നു. പക്ഷേ, അതു സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് പലപ്പോഴും നാം ചിന്തിക്കാറില്ല.
ഫോസ്ഫേറ്റുകള്‍, സള്‍ഫൈഡുകള്‍, അമോണിയ, ഫ്ളൂറൈഡുകള്‍, ഘന ലോഹങ്ങള്‍, കീടനാശിനികള്‍… തുടങ്ങിയവ നമ്മുടെ പുഴകളില്‍ അപകടകരമായ തോതിലുണ്ടെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. നമ്മുടെ മിക്ക കുടിവെള്ള പദ്ധതികളുടെയും സ്രോതസുകള്‍ ഈ പുഴകള്‍ തന്നെയാണ്! നമ്മുടെ പുഴകള്‍ വിഷവാഹിനികളായി മാറിയിരിക്കുന്നു. രാസവ്യവസായശാലകളില്‍ നിന്നു മാലിന്യങ്ങള്‍ പുഴയിലേക്കൊഴുക്കുന്നതു പലയിടങ്ങളിലും പതിവായിരിക്കുന്നു.
പുഴകളാണു പലപ്പോഴും ടാങ്കര്വെളളത്തിന്റെയും സ്രോതസ്. ജൈവ-രാസ മാലിന്യങ്ങളും അപകടകാരികളായ സൂക്ഷ്മാണുക്കളും കലര്‍ന്ന നദികളിലെ വെളളം കുടിവെള്ളമാകുന്നു! പലയിടങ്ങളിലും ജലശുദ്ധീകരണം ശാസ്ത്രീയമായും കാര്യക്ഷമമായും നടക്കുന്നില്ല എന്നതാണു വാസ്തവം.
അമിതമായാല്‍ വിഷതുല്യം
കുടിവെളളത്തില്‍ ഏതേതു ലോഹങ്ങള്‍ എത്രത്തോളം അളവില്‍ അടങ്ങിയിരിക്കുന്നു എന്നതു പ്രധാനം. ചില ലോഹങ്ങള്‍ നിശ്ചിത തോതില്‍ അടങ്ങിയിരിക്കുന്നത് ശരീരത്തിനു ഗുണപ്രദം. എന്നാല്‍ അളവിലിലധികമായാല് അതു വിഷത്തിന്റെ ഫലം ചെയ്യും. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്ക് അനുസൃതമായി ചില പ്രദേശങ്ങളിലെ വെളളത്തില്‍ ഉയര്‍ന്ന തോതില്‍ ഇരുമ്പ്, ഫ്ളൂറൈഡ് എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കിണര്‍വെളളത്തില്‍ ക്ലോറൈഡുകളുടെ സാന്നിധ്യം കൂടുതലായതിനാല്‍ നമ്മുടെ തീരപ്രദേശങ്ങളില്‍ പലയിടങ്ങളിലും തുളളി കുടിക്കാന്‍ യോഗ്യമായ വെളളം ഇല്ല എന്നതാണു സ്ഥിതി. ഇടനാട്ടില് പലയിടത്തും ഫ്ളൂറൈഡ്, അയെണ്‍(ഇരുമ്പ്) സാന്നിധ്യം കുടിവെളളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പൈപ്പ്വെളളത്തിലെ ക്ലോറിനും ആരോഗ്യത്തിനു ഭീഷണിയാണ്. ക്ലോറിന്‍ കലര്‍ന്ന ജലം സ്ഥിരമായി ഉപയോഗിക്കുന്നതു ജനനവൈകല്യങ്ങള്ക്കിടയാക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു.
തയാറാക്കിയത്: ടി.ജി.ബൈജുനാഥ്