നാളികേരത്തിന്റെ സംഭരണവില മുപ്പത്തിയഞ്ചു രൂപയാക്കണം: ദേശീയ കര്‍ഷകസമാജം

pkd-nalikayramപാലക്കാട്: നാളികേരത്തിന്റെ വില കുറഞ്ഞ സാഹചര്യത്തില്‍ കേരഫെഡ് വഴി സംഭരിക്കുന്ന നാളികേരത്തിന് കിലോയ്ക്ക്  മുപ്പത്തിയഞ്ചു രൂപ സംഭരണവില പ്രഖ്യാപിക്കണമെന്ന് ദേശീയ കര്‍ഷകസമാജം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.കഴിഞ്ഞവര്‍ഷം ഇതേകാലത്ത് ഒരു നാളികേരത്തിന് 14 രൂപ മുതല്‍ 18 രൂപ വരെ വിലയുണ്ടായിരുന്നു. നിലവില്‍ ഇത് ആറുരൂപയില്‍ താഴെയാണ്. കൃഷിഭവനുകള്‍ വഴി കിലോഗ്രാമിന് 25 രൂപ നിരക്കില്‍ നാളികേരം സംഭരിക്കുന്നുണ്ടെങ്കിലും അത് കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നില്ല.

മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു പുറമേ നാളികേരം നല്കി കഴിഞ്ഞാല്‍ വില ലഭിക്കാന്‍ മൂന്നോ നാലോ മാസമെടുക്കുന്ന സാഹചര്യമാണുള്ളത്. നിലവില്‍ മിക്ക തോട്ടങ്ങളിലും ആയിരക്കണക്കിന് നാളികേരം കെട്ടിക്കിടക്കുകയാണ്. വ്യാപാരികളാണെങ്കില്‍ നാളികേരം എടുക്കാന്‍ തയാറാകുന്നില്ല. ഈ സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കൃഷിഭവനുകള്‍ വഴി കേരഫെഡ് സംഭരിക്കുന്ന നാളികേരത്തിന്റെ സംഭരണവില 35 രൂപയാക്കണമെന്നും ഇതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംഭരിച്ച നാളികേരത്തിന്റെ വില കാലതാമസമില്ലാതെ നല്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.എ.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറി  മുതലാംതോട് മണി, കെ.എ.രാമകൃഷ്ണന്‍, എസ്.സുഗതന്‍, എ.എന്‍.ജയരാജന്‍, ദിനരാജ്, സി.എസ്ഭഗവല്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.

Related posts