പ്രേമം, കലി എന്നീ മലയാള സിനിമകള്‍ക്കു ശേഷം മലയാളത്തിന്റെ സ്വന്തം മലര് വസന്തം ജന്മനാടായ തമിഴ്നാട്ടിലേക്ക് പോകുകയാണ്. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായിട്ടാണ് സായി ഇനി അഭിനയിക്കുക എന്ന റിപ്പോര്‍ട്ടുകള്‍ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് മൂന്നു മാസത്തേക്ക് നീട്ടിവച്ചു എന്നാണ് പുതിയ വാര്‍ത്ത.
ജൂണില്‍ ഷൂട്ടിങ് തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സെപ്റ്റംബറില്‍ മാത്രമേ ചിത്രീകരണം ആരംഭിക്കുകയുള്ളു എന്നാണ് പുതിയ വാര്‍ത്ത. ഷൂട്ടിംഗ് മാറ്റിവയ്ക്കാന്‍ കാരണം രണ്ടാണ്. അതിലൊന്ന് കാലാവസ്ഥയാണ്. കാഷ്മീരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സിനിമ ആവശ്യപ്പെടുന്ന കാലാവസ്ഥയ്ക്ക് വേണ്ടി സെപ്റ്റംബര്‍ വരെ കാത്തിരിക്കേണ്ടതുണ്ട്. രണ്ടാമത്തെ കാരണം ചിത്രത്തില്‍ കാര്‍ത്തി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഹെയര്‍ സ്റ്റൈലിന് വേണ്ടിയാണ്.
വ്യത്യസ്തമായൊരു ഹെയര്‍സ്റ്റൈല്‍ മണിരത്നം ചിത്രത്തിന് ആവശ്യമാണ്. അത് സെറ്റ് ചെയ്യാന്‍ വേണ്ടിയാണ് രണ്ടു മാസത്തെ സമയം. റോജ സ്റ്റൈലില്‍ ഒരു റൊമാന്റിക് തീവ്രവാദ ബന്ധത്തിന്റെ കഥയാണ് ചിത്രമെന്ന് സൂചന ഉണ്ടായിരുന്നു. എന്നാല്‍ റൊമാന്റിക് ചിത്രം എന്നതിനപ്പുറം, വളരെ സീരിയസായ തീവ്രവാദ ബന്ധമൊന്നും ചിത്രത്തില്‍ പറയുന്നില്ല എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ചിത്രത്തില്‍ കാര്‍ത്തി എന്‍ഐഎ ഉദ്യോഗസ്ഥനായും സായി പല്ലവി ഡോക്ടറായിട്ടുമാണ് എത്തുന്നത്.