ആലപ്പുഴ: പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ ശ്രമിക്കുകയും പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍. ചുങ്കം സ്വദേശിയായ ട്രഷറി ജീവനക്കാരനെയാണ് സൗത്ത് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ഇന്നലെ രാത്രി 12 ഓടെ സൗത്ത് പോലീസ് സ്‌റ്റേഷനിലെ ഫ്‌ളൈയിംഗ് സ്ക്വാഡ് റോന്ത് ചുറ്റുന്നതിനിടെ ചുങ്കം പാലത്തിന് സമീപം പൊതുസ്ഥലത്ത് രണ്ടുപേര്‍ മദ്യപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.
ഇവരെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനായി പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിനിടെ ട്രഷറി ജീവനക്കാരനും മറ്റൊരാളും സ്ഥലത്തെത്തുകയും മദ്യപിച്ചവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തടസപ്പെടുത്തുകയുമായിരുന്നു. ബലം പ്രയോഗിച്ച് സ്‌റ്റേഷനിലേക്ക് ഇവരെ നീക്കാനുള്ള ശ്രമത്തെ കായികമായി നേരിടുകയും ചെയ്തു.
ഇതിനിടയില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ നിലത്തുവീണു.കയ്യാങ്കളിക്കിടെ മദ്യപിച്ചതിന് പോലീസ് പിടികൂടിയിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് സംഭവസ്ഥലത്തുനിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് സൗത്ത് എസ്‌ഐ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടെയുണ്ടായിരുന്നയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.