ഇരട്ടകളായ പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്ന ഇരട്ടസഹോദരന്മാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴും മാധ്യമങ്ങളില്‍ വരാറുണ്ട്. രൂപസാദൃശ്യം മൂലം ഇവര്‍ എങ്ങനെ പരസ്പരം തിരിച്ചറിയും എന്നു നാം അദ്ഭുതപ്പെടാറുണ്ട്. ഇതേ പ്രശ്‌നം മൂലം വലയുകയാണു ചൈനയിലെ നാലു പേര്‍.
ഇരട്ടസഹോദന്മാര്‍ ഇരട്ടസഹോദരിമാരെയാണു വിവാഹം കഴിച്ചത്. എന്നാല്‍, ഒരു ഭര്‍ത്താവിനു ഒരിക്കല്‍ ഒരു അബദ്ധം പിണഞ്ഞു. ഒരു ദിവസം വൈകുന്നേരം ഭാര്യയോടൊപ്പം നടക്കാന്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ കൈപിടിച്ചതു മറ്റേയാളുടെ ഭാര്യയാണ്. ആ സംഭവത്തിനുശേഷം എന്തുവില കൊടുത്തും പ്രശ്‌നം പരിഹരിക്കണമെന്ന വാശിയിലാണ് ഇവര്‍. ഒടുവില്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സ്വയം രൂപമാറ്റം വരുത്താന്‍ ഇവര്‍ തീരുമാനിച്ചിരിക്കുകയാണ്.
എന്നാല്‍, ഇതിന്റെ ആവശ്യമെന്താണെന്നാണു നെറ്റിസണ്‍സ് ചോദിക്കുന്നത്. വ്യത്യസ്തമായ ഹെയര്‍സ്‌റ്റൈല്‍, വസ്ത്രധാരണം തുടങ്ങിയ എന്തെങ്കിലും പൊടിക്കൈകളിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളൂവെന്നാണു അവരുടെ അഭിപ്രായം.