ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനവും വിഷു വിളക്കും നാളെ

tcr-kaniഗുരുവായൂര്‍: ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം നാളെ പുലര്‍ച്ചെ 2.30 മുതല്‍ 3.30 വരെയാണ്. മേല്‍ശാന്തി പള്ളിശ്ശീരി ഹരീഷ് നമ്പൂതിരി പുലര്‍ച്ചെ 2ന് മുറിയില്‍ കണി കണ്ടതിന്‌ശേഷം തീര്‍ത്ഥകിളത്തില്‍ കുളിച്ചെത്തി ശ്രീലക വാതില്‍ തുറന്ന് ഗുരുവായൂരപ്പനെ കണികാണിക്കും തുടര്‍ന്ന് 2.30 മുതല്‍ 3.30 വരെയാണ് ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനം. ഇന്ന് രാത്രി അത്താഴപ്പൂജക്ക് ശേഷം കീഴ്ശാന്തി നമ്പൂതിരിമാര്‍ ചേര്‍ന്ന് ക്ഷേത്ര മുഖമണ്ഡപത്തില്‍ കണി ഒരുക്കും.

ഓട്ടുരുളിയില്‍ ഉണക്കലരി, പുതുവസ്ത്രം, ഗ്രന്ഥം, സ്വര്‍ണം,വാല്‍ക്കണ്ണാടി, കണിക്കൊന്ന, വെള്ളരി, ചക്ക, മാങ്ങ, പഴങ്ങള്‍, നാളികേരം എന്നിവയാണ് കണിക്കോപ്പുകള്‍. പുലര്‍ച്ചെ 2.15ന് മുഖമണ്ഡപത്തിലെ വിളക്കുകള്‍ തെളിയിക്കും. നാളികേരമുറിയില്‍ നെയ് വിളക്ക് തെളിയിച്ചശേഷം മേല്‍ശാന്തി ഗുരവായൂരപ്പനെ കണികാണിക്കും. തുടര്‍ന്ന് ഗുരുവായൂരപ്പന്റെ തങ്ക തിടമ്പ് സ്വര്‍ണ സിംഹാസനത്തില്‍ ആലവട്ടം വെഞ്ചാമരം എന്നിവ കൊണ്ടലങ്കരിച്ച്് വയ്ക്കും. സിംഹാസനത്തിന് താഴെയായി ഓട്ടുരുളിയില്‍ ഒരുക്കിയ കണിക്കോപ്പുകളും വയ്ക്കും. തുടര്‍ന്നാണ് ഭക്തര്‍ക്ക് കണി ദര്‍ശനം.

വിഷുപ്പുലരിയില്‍ കണ്ണനെ കണി കണ്ട് അനുഗ്രഹം നേടാന്‍ ആയിരങ്ങളാണ് ഗുരുവായൂരിലെത്തുക. വിഷു ദിവസം ലണ്ടനിലെ വ്യവസായി തെക്കുമുറി ഹരിദാസിന്റെ വഴിപാടായി സമ്പൂര്‍ണ നെയ് വിളക്കോടുകൂടിയ വിഷു വിളക്കാണ്. രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിക്ക് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ മേളം അകമ്പടിയാവും. സന്ധ്യക്ക് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും മക്കളും അണിനിരക്കുന്ന തൃത്തായമ്പകയും ഉണ്ടാവും. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാത്രി കലാമണ്ഡലം ഗോപിയാശാന്‍ ശ്രീകൃഷ്ണ വേഷത്തിലെത്തുന്ന കുചേല വൃത്തം കഥകളിയും അരങ്ങേറും.

Related posts