ഒറ്റപ്പാലം: ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള അനധികൃത കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന ആവശ്യം ശക്തമായി. ജില്ലയില്‍ രണ്ടു കരിങ്കല്‍ ക്വാറികള്‍ക്കു മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്. എന്നാല്‍ നൂറിലേറെ കരിങ്കല്‍ ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം അധികൃതരുടെ മൗനസമ്മതത്തോടെ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം ക്വാറികള്‍ വന്‍അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്. കിലോകണക്കിനു വെടിമരുന്നും തിരികളുമാണ് ഇവര്‍ സൂക്ഷിക്കുന്നത്. ഇവര്‍ക്കിത് എവിടെന്നു ലഭിക്കുവെന്നത് അന്വേഷിച്ചറിയേണ്ട കാര്യമാണ്.
കരിങ്കല്‍ ക്വാറികളുടെ മറവില്‍ തീവ്രവാദികളും മതമൗലികവാദികളും സ്‌ഫോടകവസ്തുക്കളുണ്ടാക്കുന്നതിനു കരിമരുന്നും അനുബന്ധ സ്‌ഫോടകവസ്തുക്കളും ശേഖരിക്കുന്നതിനുള്ള സാധ്യതയും ഏറെയാണ്.മാവോവാദികള്‍ കരിങ്കല്‍ ക്വാറികളില്‍നിന്നും കരിമരുന്ന് ശേഖരിക്കുന്നതായി നേരത്തെ മുതല്‍ തന്നെ സംശയം ഉയര്‍ന്നിരുന്നു. ക്വാറികളില്‍നിന്നു സ്‌ഫോടക സാമഗ്രികള്‍ മോഷണംപോയാലും ബന്ധപ്പെട്ടവര്‍ പരാതിപ്പെടാറില്ലത്രേ.
അനധികൃതമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ക്ക് കരിമരുന്ന് ഉള്‍പ്പെടെയുള്ളവ എവിടെനിന്നും ലഭിക്കുന്നു എന്നതടക്കമുള്ള അന്വേഷണം ഉയരുമെന്നതുമാണ് പരാതിപ്പെടാതിരിക്കാനുള്ള കാരണം.മണ്ണൂര്‍, ലക്കിടി, മംഗലം, ചെറോട്, ഈങ്ങോറ, മുരുക്കുംമ്പറ്റ, അമ്പലപ്പാറ എന്നീ പ്രദേശങ്ങളിലും വാണിയംകുളം മുണ്ടക്കോട്ടുകുര്‍ശി മേഖലകളിലുമെല്ലാം അനധികൃത കരിങ്കല്‍ക്വാറികള്‍ വ്യാപകമാണ്.അത്യുഗ്രസ്‌ഫോടനങ്ങള്‍ നടത്തിയാണ് ഇവിടങ്ങളില്‍ പാറ തകര്‍ക്കുന്നത്. പോലീസ്- റവന്യൂ അധികൃതരുടെ ഭാഗത്തുനിന്നു ശക്തമായ ഇടപെടലുകള്‍ പ്രശ്‌നത്തില്‍ ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.