പരവൂർ: മരിച്ചവരുടെ രണ്ടു കോടിയിലധികം ആധാർ കാർഡുകൾ നിർജീവമാക്കി കേന്ദ്രം. രാജ്യവ്യാപകമായി നടത്തുന്ന ഡേറ്റ ക്ലീനിംഗ് പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇത്രയധികം ആധാർ നമ്പരുകൾ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യ (യുഐഡിഐഎ) നിർജീവമാക്കിയത്.
ആധാർ ഡേറ്റ ബേസിന്റെ സമഗ്രത സംരക്ഷിക്കുന്നതിനും തിരിച്ചറിയൽ രേഖകളുടെ ദുരൂപയോഗാ തടയുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആധാർ രേഖകൾ മരണ രജിസ്ട്രേഷനുകളുമായി ഒത്തുനോക്കിയ ശേഷമാണ് നിർജീവമാക്കൽ നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ, സംസ്ഥാന സർക്കാരുകൾ, കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയിൽ നിന്ന് ലഭിച്ച ഡേറ്റകൾ വിശദമായി പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് കാർഡുകൾ നിർജീവമാക്കിയിട്ടുള്ളത്.
സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് ഈ പ്രക്രിയ തുടരാനാണ് യുഐഡിഎഐയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് അതോറിറ്റി പൊതുജനങ്ങൾക്ക് ചില നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഇതനുസരിച്ച് കുടുംബാംഗങ്ങൾക്ക് മൈ ആധാർ പോർട്ടൽ ഉപയോഗിച്ച് ഒരു ബന്ധുവിന്റെ മരണം റിപ്പോർട്ട് ചെയ്യാൻ സാധിക്കും.
മരണം റിപ്പോർട്ട് ചെയ്യാൻ കുടുംബാംഗം പോർട്ടലിൽ ആധികാരികത ഉറപ്പാക്കി ഔദ്യോഗിക മരണ രജിസ്ട്രേഷൻ നമ്പരും അടിസ്ഥാന വിവരങ്ങളും സഹിതം ആധാർ നമ്പർ സമർപ്പിക്കണം. ഈ സമർപ്പണം യുഐഡിഐഎ അവലോകനം ചെയ്ത ശേഷം പരിശോധിച്ച് ഉറപ്പിക്കും. തുടർന്ന് നിർജീവമാക്കൽ നടപടികളിലേക്ക് നീങ്ങും.
തിരിച്ചറിയലുകളിൽ വ്യാപകമായി അരങ്ങേറുന്ന തട്ടിപ്പുകൾ തടയാൻ സഹായിക്കുന്നതിന് മരണ സർട്ടിഫിക്കറ്റുകൾ ലഭിച്ച ശേഷം പോർട്ടൽ ഉപയോഗിച്ച് നടപടികൾ പൂർത്തീകരിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുമുണ്ട്.
ആധാർ നമ്പരുകൾ നിർജീവമാക്കുന്നതിന് മുമ്പ് മരണ രേഖകൾ സാധൂകരിക്കുന്ന തരത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളതെന്നും അഥോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ആധാർ നമ്പർ തെറ്റായി നിർജീവമാക്കപ്പെട്ടാൽ അത് വീണ്ടും സജീവമാക്കുന്നതിനുള്ള നടപടിക്രമങ്ങളും അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജീവിച്ചിരിപ്പുണ്ടെങ്കിലും മരിച്ചതായി രേഖപ്പെടുത്തിയ വ്യക്തിക്ക് ആധാർ കാർഡ് വീണ്ടും സജീവമാക്കുന്നതിന് അപേക്ഷിക്കാനും അത് സ്ഥിരീകരിക്കുന്നതിന് നിർദിഷ്ട തെളിവുകൾ സമർപ്പിക്കുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
മരണമടഞ്ഞ വ്യക്തികളുടെ ആധാർ നമ്പർ കണ്ടെത്തുന്നതിനുള്ള നടപടികൾ അതോറിറ്റി ആരംഭിച്ചത് 2024 മുതലാണ്. 2025 ജൂലൈ 15 വരെ 1.17 കോടി കാർഡുകൾ നിർജീവമാക്കി. ഇതാണ് ഇപ്പോൾ രണ്ട് കോടിയിലധികമായി ഉയർന്നത്.
എസ്.ആർ. സുധീർ കുമാർ

