ന്യൂഡൽഹി: ഇന്ത്യയിൽ നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള ആപ്പിൾ കന്പനിയുടെ തീരുമാനത്തിനെതിരെയുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ തള്ളി ആപ്പിൾ വക്താക്കൾ. നിക്ഷേപ പദ്ധതികളിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ഇന്ത്യൻ സർക്കാരിന് ആപ്പിൾ ഉറപ്പ് നൽകി.
ഇന്ത്യയെ ഒരു പ്രധാന നിർമാണ കേന്ദ്രമായി ഉപയോഗിക്കുന്നതിനുള്ള പ്രതിബദ്ധത ഇന്ത്യൻ സർക്കാരിന് കമ്പനി ഉറപ്പുനൽകിയെന്ന് സർക്കാർ വൃത്തങ്ങളും സ്ഥിരീകരിച്ചു.ഖത്തറിലെ ദോഹയിൽ നടന്ന ഒരു ബിസിനസ് പരിപാടിക്കിടെ, ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനെതിരേ ആപ്പിൾ സിഇഒ ടിം കുക്കിന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു.
ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണെന്നും അതിനാൽ വിൽപന ബുദ്ധിമുട്ടാകുമെന്നും ചൂണ്ടിക്കാട്ടിയ ട്രംപ്, ഇന്ത്യയുടെ കാര്യം അവർതന്നെ നോക്കിക്കൊള്ളുമെന്നും പറഞ്ഞിരുന്നു.
ട്രംപ് ഭരണകൂടത്തിന്റെ താരിഫ് നീക്കത്തെ നേരിടാൻ ഐഫോൺ നിർമാണം ചൈനയിൽനിന്നു മാറ്റി ഇന്ത്യയില്‍ വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതിനിടെയായിരുന്നു ആപ്പിളിന് ട്രംപിന്റെ മുന്നറിയിപ്പ്. ആപ്പിളിന്റെ അമേരിക്കയിലെ ഉത്പാദനം വർധിപ്പിക്കണമെന്നും യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു.