പരവൂർ: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ഏക വന്ദേ ഭാരത് എക്സ്പ്രസിൽ അടുത്ത ഒന്നര മാസത്തേക്കു ടിക്കറ്റ് കിട്ടാനില്ല. ഡിസംബർ ആരംഭിച്ചപ്പോൾ തന്നെ കെഎസ്ആർ ബംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിലെ ക്രിസ്മസ് ദിനവും കഴിഞ്ഞുള്ള ടിക്കറ്റ് ബുക്കിംഗ് പൂർണമായും പൂർത്തിയായി.
ക്രിസ്മസിന് മൂന്ന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ടിക്കറ്റ് തീർന്നതിനാൽ നിലവിലെ എട്ട് കോച്ച് 16 അല്ലെങ്കിൽ 20 കോച്ചുകൾ ആക്കണമെന്ന ആവശ്യം ശക്തമായി. വെയ്റ്റ് ലിസ്റ്റ് പരിധി പിന്നിട്ടതോടെ 20 മുതൽ 25 വരയുള്ള ദിവസങ്ങളിൽ ടിക്കറ്റെടുക്കാനാകില്ല. 20 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ചെയർകാറിലെ വെയ്റ്റ് ലിസ്റ്റ് നൂറ് കടന്നു.
എറണാകുളത്ത് നിന്നുള്ള മടക്ക സർവീസിൽ 28 മുതൽ ജനുവരി പത്ത് വരെയുള്ള ദിവസങ്ങളിലെ ബുക്കിഗും പൂർത്തിയായി. കഴിഞ്ഞ മാസം 11ന് സ്ഥിരം സർവീസ് ആരംഭിച്ച ബെംഗളൂരു-എറണാകുളം വന്ദേഭാരതിൽ ആദ്യ ദിനം മുതൽ ഇരുവശങ്ങളിലേക്കുമുള്ള ടിക്കറ്റുകൾ മുഴുവൻ വിറ്റു തീർന്നിരുന്നു.
കെഎസ്ആർ ബെംഗളൂരു-വന്ദേഭാരത് എക്സ്പ്രസ് (26651) രാവിലെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50നു എറണാകുളം ജംഗ്ഷനിലെത്തും. എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഉച്ചകഴിഞ്ഞ് (26652) 2.20നു പുറപ്പെട്ട് രാത്രി 11ന് ബംഗളൂരുവിലെത്തും. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.
ഒറ്റ റേക്ക് മാത്രം ഉപയോഗിച്ചാണ് സർവീസ് നടത്തുന്നത്.
ഏഴ് ചെയർകാറും ഒരു എക്സിക്യുട്ടീവ് ചെയർകാറും ഉൾപ്പെടെയുള്ള വന്ദേഭാരതിൽ 600 പേർക്കേ യാത്ര ചെയ്യാൻ അവസരമുള്ളൂ. 16 കോച്ചുകളായി കൂട്ടിയാൽ ഒരു വശത്തേക്ക് 1,200 പേർക്ക് യാത്ര ചെയ്യാം. ദക്ഷിണ-പശ്ചിമ റെയിൽവേയുടെ നിയന്ത്രണത്തിലുള്ള വന്ദേഭാരത് എക്സ്പ്രസുകളിൽ വരുമാനത്തിലും ഈ ട്രെയിൻ മുന്നിലാണ്.
വന്ദേ ഭാരതിൽ ടിക്കറ്റുകൾ ഇല്ലാത്തതിനാൽ ആൾക്കാർ വിമാന യാത്രയാണ് അടുത്തതായി പരിഗണിക്കുന്നത്. ക്രിസ്മസ്, പുതുവർഷ അവധി തിരക്കിനെത്തുടർന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് ചാർജും കുതിച്ചുയരുന്നു. ഡിസംബർ 20 മുതൽ ജനുവരി ആദ്യവാരം വരെ ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് 15,000-19,000 രൂപവരെയും തിരുവനന്തപുരത്തേക്ക് 11,000-18,000 രൂപയും കോഴിക്കോട്ടേക്ക് 11,000-16,000 രൂപയും കണ്ണൂരിലേക്ക് 10,000-1,2000 രൂപയുമാണ് വിമാന നിരക്ക്. ഇത് ഇനിയും വർധിക്കാൻ ഇടയുണ്ട്.
സ്വകാര്യ ടൂറിസ്റ്റ് ബസ് ഓപ്പറ്റേർമാരും അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്. ബംഗളുരൂഎറണാകുളം അല്ലെങ്കിൽ തിരുവനന്തപുരം റൂട്ടിൽ കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ സ്പെഷലായി ഓടിച്ചാൽ ഇപ്പോഴത്തെ യാത്രാ ദുരിതത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്.

