ഏറ്റുമാനൂര്‍: ശനിയാഴ്ച മന്ത്രി വി.എന്‍. വാസവന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മടങ്ങിയ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തില്ല. ശനിയാഴ്ച മൂന്നിനു മുമ്പ് അറസ്റ്റ് ചെയ്യുമെന്ന് ബിജെപി നേതാക്കള്‍ക്കു നല്കിയ ഉറപ്പില്‍നിന്നാണ് പോലീസ് പിന്നോട്ടു പോയത്.
പോലീസ് ഇന്ന് സിപിഎം, ബിജെപി നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചിരിക്കുകയാണ്. ഈ ചര്‍ച്ചക്കുശേഷം ഭാവി സമരപരിപാടികള്‍ തീരുമാനിക്കാനിരിക്കുകയാണ് ബിജെപി.ബിജെപി പ്രവര്‍ത്തകര്‍ക്കുനേരേ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് സംസ്ഥാന നേതാക്കമുടെ നേതൃത്വത്തില്‍ ബിജെപി ഏറ്റുമാനൂര്‍ ടൗണില്‍ വഴി തടഞ്ഞിരുന്നു.
വഴിതടയല്‍ അരമണിക്കൂറിലേറെ നീണ്ടപ്പോള്‍ കോട്ടയം ഡിവൈഎസ്പി വി.എസ്. അരുണ്‍ ഏറ്റുമാനൂരിലെത്തി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് വഴിതടയല്‍ അവസാനിപ്പിച്ചത്.ഉച്ചകഴിഞ്ഞു മൂന്നിനു മുമ്പായി പ്രതികളെ അറസ്റ്റ് ചെയ്യുമെന്നാണ് ഡിവൈഎസ്പി ഉറപ്പുനല്‍കിയിരുന്നത്. എന്നാല്‍ ഈ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇതെ തുടര്‍ന്ന് ഇന്നലെ രാത്രി ബിജെപി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
മന്ത്രി വി.എന്‍. വാസവന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണു പ്രതികള്‍. പോലീസുകാരുടെ ലാത്തി തട്ടിയെടുത്തു വരെ സിപിഎംകാര്‍ ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. 12 വയസുള്ള ഒരു പെണ്‍കുട്ടിയെയും ഇവര്‍ അതിക്രൂരമായി മര്‍ദ്ദിച്ചു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോക്സൊ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇത്രയും ഗൗരവമുള്ള കേസായിട്ടു പോലും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസിന്റെ നിലപാടില്‍ വച്ചു പ്രതിഷേധം ഉയരുന്നുണ്ട്.മന്ത്രി വി.എന്‍. വാസവന് ഏറ്റുമാനൂരിലെ പൊതുപരിപാടികളില്‍നിന്ന് ഇന്നലെ വിട്ടു നിന്നു. മന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
സിപിഎമ്മില്‍ തര്‍ക്കം
ശനിയാഴ്ച ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ സിപിഎമ്മിനുള്ളില്‍ തര്‍ക്കം. ആക്രമണം ഒഴിവാക്കേണ്ടതായിരുന്നെന്ന് സിപിഎമ്മില്‍ ഒരുവിഭാഗം പറയുന്നു. ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ നയിച്ച പ്രകടനത്തില്‍ അവരുടെ സാന്നിധ്യത്തില്‍ ആക്രമണം നടത്തിയവരെ നിയന്ത്രിക്കാന്‍ സാധിക്കാതിരുന്നത് വലിയ പിഴവായെന്ന് ഇവര്‍ ആരോപിക്കുന്നു.
ഏറ്റുമാനൂരില്‍ രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ സിപിഎമ്മിലുള്ള ചേരിതിരിവും ഇന്നലത്തെ ആക്രമണത്തിന്റെ പരോക്ഷ കാരണമായി ഒരു വിഭാഗ ഉയര്‍ത്തിക്കാട്ടുന്നു. ആക്രമണം നടത്തിയ യുവ പ്രവര്‍ത്തകര്‍ ആക്രമണം തടയാന്‍ ശ്രമിച്ച മുതിര്‍ന്ന നേതാവിനെ വകവച്ചില്ലെന്നും ഇവര്‍ പറയുന്നു.