തിരുവനന്തപുരം: സര്‍ക്കാര്‍ അധീനതയിലുള്ള തിയേറ്ററുകളില്‍ സിനിമ കാണാനെത്തിയവരുടെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍. സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള നിള, കൈരളി, ശ്രീ തീയേറ്ററുകളിലെ ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിക്കുന്നത്.
സിനിമ കാണാനെത്തിയ കമിതാക്കളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പ്രചരിക്കുന്നത്. ഈ തിയേറ്ററുകളിലെ സിസിടിവി കാമറകളുടെ മേല്‍നോട്ടം കെല്‍ട്രോണാണ് കൈകാര്യം ചെയ്യുന്നത്. ദൃശ്യങ്ങള്‍ എങ്ങനെ പുറത്തുപോയെന്ന കാര്യത്തില്‍ ഇതു വരെ വ്യക്തത വന്നിട്ടില്ല.
സംഭവത്തെക്കുറിച്ച് ചലച്ചിത്ര വികസന കോര്പ്പറേഷന് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. അതേ സമയം സിനിമ കാണാനെത്തിയവരുടെ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളിലെത്തിയത് സ്വകാര്യതയുടെ ലംഘനമാണെന്നാണ് സിനിമാ ആസ്വാദകര്‍ പറയുന്നത്.

