കൊച്ചി: ലോകത്ത് ഓരോ സെക്കൻഡിലും പത്തു കുട്ടികൾ സൈബറിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് ഗ്ലോബൽ ചൈൽഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടായ ചൈൽഡ്ലൈറ്റിന്റെ ഡാറ്റാ ഡയറക്ടർ പ്രഫ. ഡെബോറ ഫ്രൈ.
കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന ഫോട്ടോകളും വീഡിയോകളും ഇന്നു സൈബർ ലോകത്ത് അതിവേഗം പ്രചരിക്കുന്നുണ്ട്. ഇതിൽ കൈക്കുഞ്ഞുങ്ങൾ വരെയുണ്ടെന്നത് ഏറെ ഞെട്ടിപ്പിക്കുന്നതാണെന്ന് കേരള പോലീസിന്റെ കൊക്കൂൺ 2025 സൈബർ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ ഡെബോറ പറഞ്ഞു.
കുട്ടികളുടെ നഗ്നചിത്രങ്ങളുടെ വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി ബ്ലാക്ക്മെയിലിംഗ്, ലൈംഗികച്ചുവയോടെയുള്ള ചാറ്റിംഗ് തുടങ്ങിയ സൈബർ അതിക്രമങ്ങളാണ് ഇതിലേറെയും. നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി കുട്ടികളിൽനിന്ന് പണം ആവശ്യപ്പെടുന്ന സംഭവങ്ങളും ഏറെയാണ്.
നിർമിതബുദ്ധി (എഐ) ഉപയോഗിച്ചുള്ള സൈബർ ലൈംഗികാതിക്രമങ്ങളും വർധിക്കുന്നതായി അവർ പറഞ്ഞു. ലോകത്താകെ ഒരു വർഷം 30 കോടി കുട്ടികൾ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലൈംഗിക അതിക്രമങ്ങൾക്കു വിധേയരാകുന്നുണ്ട്.
കുട്ടികളുടെ മോശം ഫോട്ടോകളും വീഡിയോകളും നിർമിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചെടുക്കുന്നു. 2023–24ലെ കണക്കനുസരിച്ച് ലോകമെങ്ങും ഇത്തരത്തിലുള്ള ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽസ് നിർമിക്കുന്നതിൽ 1325 ശതമാനത്തിന്റെ വർധനയാണുണ്ടായത്.
പഠനങ്ങളനുസരിച്ച് ഇന്ത്യയിലും പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഇത്തരത്തിലുള്ള 45 ലക്ഷത്തിലധികം വീഡിയോകളും ചിത്രങ്ങളുമാണ് പ്രചരിച്ചത്.
ഇന്ത്യയിൽ ഇത്തരം ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽസ് വർധിക്കുന്നതു തടയാൻ ഭാവിയിൽ ശക്തമായ നിയമനിർമാണം വേണമെന്നും ഡെബോറ വ്യക്തമാക്കി.
കുട്ടികൾക്കെതിരായ സൈബർ ലൈംഗിക അതിക്രമങ്ങൾ നടത്താൻ കേരള പോലീസ് ആവിഷ്കരിക്കുന്ന പ്രത്യേക പദ്ധതികൾ പ്രശംസനീയമാണ്. സൈബര്ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തെരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താൻ കേരള പോലീസ് ആരംഭിച്ച ഓപ്പറേഷൻ പി- ഹണ്ട് ഇതിന് ഉദാഹരണമാണെന്നും ഡെബോറ പറഞ്ഞു.
ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാകാതെ കുട്ടികളെ സംരക്ഷിക്കുന്ന ചൈൽഡ്ലൈറ്റ് സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയ്ക്കു കീഴിലാണ് പ്രവർത്തിക്കുന്നത്.