കൊച്ചി: സിനിമാ മേഖലയിലെ ലൈംഗികാതിക്രമവും തൊഴില്‍ ചൂഷണവും തടയുന്ന നിയമത്തിന്റെ കരട് നവംബര്‍ ആദ്യവാരം മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാരും സി.എസ്. സുധയും അടങ്ങുന്ന പ്രത്യേക ബെഞ്ച് മുമ്പാകെയാണു സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണു നിയമനിര്‍മാണം വേണമെന്ന് സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് സിനിമാനയവുമായി ബന്ധപ്പെട്ട് കോണ്‍ക്ലേവ് നടത്തുകയും കോണ്‍ക്ലേവില്‍ ഉന്നയിച്ച നിര്‍ദേശങ്ങള്‍ പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ക്കായി www.ksfdc.in, www.keralafilm.com എന്നീ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പൊതുജനങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും തയാറാക്കിയ കരട് നിയമനിര്‍മാണം നവംബര്‍ ആദ്യവാരം മന്ത്രിസഭയില്‍ വയ്ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഹേമ കമ്മിറ്റിയുടെ ഭരണഘടനയെ ചോദ്യംചെയ്തും അന്വേഷണം ആവശ്യപ്പെട്ടുമുള്ള മറ്റു കാര്യങ്ങളെക്കുറിച്ചും കോടതി അന്വേഷിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസിലെ പോലീസ് അന്വേഷണം അവസാനിപ്പിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉടന്‍ തീര്‍പ്പാക്കുമെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. മൊഴി നല്കിയവര് സഹകരിക്കാത്തതാണ് അന്വേഷണം അവസാനിപ്പിക്കാന്‍ കാരണം.