കോട്ടയം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെ തൽസ്ഥാനത്ത് നിന്നും മാറ്റണമെന്നു ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ ആവശ്യമുയർന്നു. കഴിഞ്ഞ രണ്ടു ദിവസമായി കിടങ്ങൂരിൽ നടന്ന ജില്ലാ സമ്മേളനത്തിന്റെ പൊതു ചർച്ചയിലാണ് ഡിവൈഎഫ്ഐ സംസ്ഥാന നേതാവു കൂടിയായ ചിന്ത ജെറോമിനെതിരെ കടുത്ത ഭാഷയിൽ വിമർശനമുണ്ടായത്.
യുവജന കമ്മീഷൻ എന്ന സുപ്രധാനമായ സ്ഥാനത്ത് ഇരുത്താൻ കൊള്ളാത്ത ആളാണു ചിന്ത ജെറോമെന്നാണ് ഭൂരിഭാഗം പ്രതിനിധികളും ചർച്ചയിൽ വിമർശനമുന്നയിച്ചത്. യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് കമ്മീഷൻ ആസ്ഥാനത്ത് ഇരിക്കാൻ നേരമില്ലെന്നും ബ്യൂട്ടിപാർലറിലാണു കൂടുതൽ സമയമെന്നും വനിതാ പ്രതിനിധി ചർച്ചയിൽ പറഞ്ഞു. യുവജന കമ്മീഷൻ എന്ന നിലയിൽ യുവജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നത്തിലും കമ്മീഷൻ അധ്യക്ഷ ഇടപെടാറില്ല.
ചാനൽ ചർച്ചയിലും പ്രസംഗങ്ങളിലും ഫേസ് ബുക്കിലൂടെയും അനാവശ്യവിവാദങ്ങളുണ്ടാക്കി യുവജനപ്രസ്ഥാനത്തെ അപമാനിക്കുകയാണെന്നും പ്രതിനിധികൾ ആരോപിച്ചു. പലപ്പോഴും ചർച്ച അതിരുവിടുന്ന രീതിയിലെത്തിയപ്പോൾ പ്രസീഡിയം ഇടപെടുകയായിരുന്നു.
അധ്യക്ഷ സ്ഥാനത്തുനിന്നും ചിന്തയെ മാറ്റണമെന്നാണു ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. പി.കെ. ശശി എംഎൽഎയ്ക്കെതിരെയും സമ്മേളത്തിൽ വിമർശനമുയർന്നു വനിതാ ഡിവൈഎഫ്ഐ പ്രവർത്തക നൽകിയ പരാതിയിൽ പാർട്ടി ഉടൻ നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്നു പ്രതിനിധികൾ പറഞ്ഞു. ഇടതു സർക്കാർ യുവജനങ്ങൾക്കായി നടത്തുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടത്തിയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാൻ ആഭ്യന്തരവകുപ്പ് തയാറാകുന്നില്ലെന്നും ചർച്ചയിൽ വിമർശനമുയർന്നു. ഡിവൈഎഫ്ഐ സംസ്ഥാനപ്രസിഡന്റ് എ.എൻ. ഷംസീറിനും എം. സ്വരാജ് എംഎൽഎയ്ക്കെതിരെയും വിമർശനമുയർന്നു.
രണ്ടു പേരും എംഎൽഎമാരായതിനാൽ സംഘടനാ പ്രവർത്തനത്തിൽ ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു വിമർശനം. ജില്ലാ കമ്മിറ്റിയുടെ സമരരീതികളെക്കുറിച്ചും വിമർശനമുണ്ടായി പലസമരങ്ങളിലും യുവജന പ്രാതിനിധ്യം കുറയുന്നതായും വഴിപാട് സമരങ്ങളാണു പലതെന്നും ചർച്ചയിൽ ആരോപണമുയർന്നു.
38 എന്ന പ്രായപരിധി കർശനമാക്കിയാണു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടേറിയേറ്റിൽനിന്ന് ഏഴു പേരെ ഒഴിവാക്കി. 19 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണു പുതിയ ജില്ലാ കമ്മിറ്റിയും രൂപീകരിച്ചത്. വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി എട്ടു വനിതകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം ജില്ലാ ട്രഷററായിരുന്ന സി.പി.ജയരാജ്, ജില്ലാ പഞ്ചായത്തംഗം കെ.കെ.രജ്ഞിത്ത്, കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള വി.എൻ. രാജേഷ് എന്നിവരെ ഒഴിവാക്കിയത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്. സിപിഎം ജി്ല്ലാ സെക്രട്ടറി വി.എൻ.വാസവനു തന്നെയാണ് ഡിവൈഎഫ്ഐയുടെ ചുമതല. സിപിഎമ്മിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായിട്ടാണ് ചിലരെ ഒഴിവാക്കിയതെന്നും ആക്ഷേപമുണ്ട്.