കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കാനും സൗഹാർദത്തിൽ ജീവിക്കുന്ന വിവിധ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനും അതിൽനിന്ന് രാഷ്ട്രീയ മുതലെടുപ്പു നടത്താനും ശ്രമിക്കുന്നവരുടെ കൈയിലെ പുതിയൊരു ആയുധമായിരിക്കുകയാണ് സംവരണേതര വിഭാഗങ്ങൾക്കുള്ള സംവരണമായ ഇഡബ്ല്യുഎസ്.
സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും മാനദണ്ഡങ്ങൾക്കു വിധേയമായി 10 ശതമാനം സംവരണമേർപ്പെടുത്തി 103-ാം ഭരണഘടനാ ഭേദഗതിയുണ്ടായതുമുതൽ ചിലർ ബോധപൂർവം തെറ്റിദ്ധാരണ പരത്തുന്നുണ്ട്. ഇപ്പോൾ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശനത്തിൽ ഇഡബ്ല്യുഎസ് സംവരണക്കാർ എന്തോ വലിയനേട്ടമുണ്ടാക്കുന്നു എന്നതരത്തിലുള്ള പ്രചാരണമാണ് ഉത്തരവാദിത്വപ്പെട്ട ചിലരുടെ ഭാഗത്തുനിന്നുപോലും ഉണ്ടാകുന്നത്.
ഇഡബ്ല്യുഎസ് സംവരണം വന്നതുകൊണ്ട് പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണ ആനുകൂല്യങ്ങളിൽ യാതൊരു കുറവും ഉണ്ടായിട്ടില്ല എന്ന യാഥാർഥ്യം അംഗീകരിക്കാതിരിക്കുന്നവരുടെ ലക്ഷ്യം മറ്റെന്തോ ആണെന്നു ന്യായമായും സംശയിക്കാം.കേരളത്തിന്റെ സാമൂഹികാവസ്ഥയിൽ പിന്നാക്ക സംവരണത്തിന് അർഹതയുള്ളവരും ഇഡബ്ല്യുഎസ് സംവരണത്തിന് അർഹതയുള്ളവരും തമ്മിൽ താരതമ്യം ചെയ്താൽ അന്തരത്തിന്റെ വ്യാപ്തി മനസിലാക്കാം.
എട്ടു ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള മുസ്ലിം, ഈഴവ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് മറ്റു നിബന്ധനകളൊന്നുമില്ലാതെ സംവരണം കിട്ടും. അവർക്ക് മാർക്കിലും വയസിലുമെല്ലാം ഇളവുണ്ട്. ആഡംബര വീടോ വാഹനങ്ങളോ ഭൂമിയോ ഒന്നും തടസമല്ല. എന്നാൽ, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് സംസ്ഥാനത്ത് സംവരണത്തിന് വരുമാനപരിധി നാലു ലക്ഷം രൂപയാണ്. കൂടാതെ, കൃഷിഭൂമിക്കടക്കം പരിധിയുമുണ്ട്. മാർക്കിലോ വയസിലോ ഒരിളവുമില്ല. ഈ രണ്ടു വിഭാഗങ്ങളിൽ ആരുടെ ജീവിത സാഹചര്യമാണ് പരിതാപകരമെന്ന് നിഷ്പക്ഷമായി വിലയിരുത്തുന്നവർക്ക് ബോധ്യമാകും.
മുസ്ലിം, ഈഴവ അടക്കമുള്ള മറ്റു പിന്നാക്ക വിഭാഗങ്ങൾ കേരളത്തിൽ ജാതിവിവേചനമോ അവഗണനയോ അനുഭവിക്കുന്നുണ്ടോ? ഈ വിഭാഗങ്ങളിലെ എത്രയോ സമ്പന്ന കുടുംബങ്ങളിലെ കുട്ടികളാണ് സംവരണാനുകൂല്യം പറ്റുന്നത്. ക്രൈസ്തവ, നായർ തുടങ്ങി സംവരണമില്ലാത്ത വിഭാഗത്തിൽ ജനിച്ചു എന്ന ഒറ്റക്കാരണത്താൽ അതിദരിദ്രരായ എത്രയോ കുടുംബങ്ങളിലെ കുട്ടികളാണ് ഗത്യന്തരമില്ലാതെ അലയുന്നത്. മറ്റൊരു മതത്തിനുമില്ലാത്ത സംവരണാനുകൂല്യമാണ് കേരളത്തിൽ ഇസ്ലാം മതവിഭാഗത്തിനു ലഭിക്കുന്നത്.
ഇത്തരത്തിലുള്ള സംവരണത്തിലെ അനീതി ചോദ്യംചെയ്യാൻ ധൈര്യമില്ലാത്തവരാണ് അതിദരിദ്രരായ ഇഡബ്ല്യുഎസ് വിഭാഗത്തെ ആക്ഷേപിക്കുന്നത്. ഇഡബ്ല്യുഎസിൽ വിവിധ മതവിഭാഗങ്ങൾ ഉൾപ്പെടുന്നുണ്ട്.കേരളത്തിൽ മുസ്ലിം, ഈഴവ വിഭാഗങ്ങൾ സംവരണത്തിലൂടെ വലിയ സാമൂഹിക മുന്നേറ്റമുണ്ടാക്കിയെന്ന് പ്രഫഷണൽ കോളജുകളിലെയും വിവിധ സർക്കാർ സർവീസുകളിലെയും അവസ്ഥ പരിശോധിച്ചാൽ മനസിലാകും.
ഈ മുന്നേറ്റമാണ് ഈ വർഷത്തെ സംസ്ഥാന മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന ലിസ്റ്റിലും വ്യക്തമാകുന്നത്. സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റിൽ മുസ്ലിം വിഭാഗത്തിന്റെ കട്ട് ഓഫ് റാങ്ക് 916 ആകുമ്പോൾ ഇഡബ്ല്യുഎസ്കാരുടേത് 2,842 ആണ്. ഈ ലിസ്റ്റിൽ 387 മുസ്ലിംകൾ ഉൾപ്പെട്ടിട്ടുണ്ട്. ഈഴവ വിഭാഗത്തിന്റെ കട്ട് ഓഫ് 1,627 ആണ്. 228 പേർ ഉൾപ്പെടുന്നു. ഇഡബ്ല്യുഎസ് വിഭാഗത്തിൽനിന്ന് 163 പേർ മാത്രമാണ് ഉൾപ്പെടുന്നത്. പട്ടികജാതിക്കാരുടെ കട്ട് ഓഫ് റാങ്ക് 14,160ഉം ഉൾപ്പെട്ടവരുടെ എണ്ണം 200ഉം ആണ്. പട്ടികവർഗത്തിന്റേത് യഥാക്രമം 24,188ഉം 33ഉം ആണ്. ഈ അവസ്ഥകൂടി പരിഗണിച്ചു നോക്കുമ്പോഴാണ് ഇഡബ്ല്യുഎസ് വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ കൂടുതൽ വ്യക്തമാകുന്നത്.
സംവരണത്തിന്റെ ആനുകൂല്യത്തിൽ പുരോഗതി കൈവരിച്ച വിഭാഗങ്ങൾക്ക് സംവരണം തുടരുന്നത് സമൂഹത്തിൽ വലിയ വിടവ് സൃഷ്ടിക്കും. പ്രത്യേകിച്ച് ഒരു മതവിഭാഗത്തിന് ഒന്നാകെ സംവരണം ലഭ്യമാക്കുമ്പോൾ. ഇത്തരമൊരവസ്ഥ സാമൂഹിക സന്തുലിതാവസ്ഥയെ അപകടത്തിലാക്കും. ‘കൈയൂക്കുള്ളവൻ കാര്യക്കാരൻ’ എന്ന നിലയിലേക്ക് കാര്യങ്ങളെത്തും. കേരളത്തിൽനിന്ന് യുവജനങ്ങൾ വിദേശരാജ്യങ്ങളിലേക്കടക്കം കുടിയേറുന്നത് സംവരണത്തിന്റെ പരിണതഫലമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
കേരളത്തിന്റെ വളർച്ചയ്ക്കും അധഃസ്ഥിതരടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും വലിയ സംഭാവനകൾ നൽകിയ സമുദായങ്ങളെ അവഗണിക്കുന്നതും അനാവശ്യമായി പ്രതിസ്ഥാനത്തു നിർത്തുന്നതും നെറികേടാണ്. കേരളത്തിന്റെ പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വവും ഇക്കാര്യങ്ങൾ ഗൗരവത്തിലെടുക്കണം. വിടുവായത്തം പറയുന്നവരെ നിലയ്ക്കു നിർത്താൻ രാഷ്ട്രീയ നേതൃത്വം ഇച്ഛാശക്തി കാട്ടണം. കേവലം പത്ത് വോട്ടിനുവേണ്ടി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കരുത്.