അമ്പലപ്പുഴ: ഫ്ലക്സും വിവിധ വർണ പോസ്റ്ററുകളും പ്രചാരണരംഗം കീഴടക്കിയെങ്കിലും ഗോപീന്ദ്രൻ ഇന്നും തെരെഞ്ഞെടുപ്പുരംഗത്ത് ചുവരെഴുത്തിൽ മുൻപന്തിയി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ വോട്ട് അഭ്യർഥനയാണ് പുന്നപ്ര ചള്ളി സ്വദേശി ഗോപീന്ദ്രന്റെ കരവിരുതിൽ തെളിയുന്നത്.
ഇദ്ദേഹത്തിന്റെ ഗോതര എന്ന തൂലിക നാമത്തിനും ഒരു കഥയുണ്ട്. നാലു പതിറ്റാണ്ടു മുമ്പ് പ്രവാസജീവിതം അവസാനിപ്പിച്ചു വീട്ടിലിരിക്കുമ്പോഴാണ് ഒരു തെരഞ്ഞെടുപ്പുസമയത്ത് സുഹ്യത്തുക്കളായ ഗോപീന്ദ്രൻ, തങ്കജി, രംഗനാഥ് എന്നിവർ ചേർന്നാണ് ഒരു പരസ്യകലാ സ്ഥാപനത്തിനു തുടക്കം കുറിച്ചത്.
സുഹ്യത്തുക്കളുടെ പേരിന്റെ ആദ്യാക്ഷരം ചേർത്തപ്പോഴാണ് ഗോതരയെന്ന തൂലികാനാമം രൂപപ്പെട്ടത്. ഇതിനിടയിൽ തങ്കജിക്കു സർക്കാർ ജോലി കിട്ടി. രങ്കനാഥ് മറ്റ് ജോലികൾ തേടിപ്പോയി. എങ്കിലും ഗോപീന്ദ്രൻ ബാനറുകളും ചുവരെഴുത്തുമായി സജീവമായി തുടർന്നു.
ഇന്ന് നാട്ടിലെ അറിയപ്പെടുന്ന ചുവരെഴുത്തുകാരനാണു ഗോപീന്ദ്രൻ. നാട്ടിലെങ്ങും തെരെഞ്ഞെടുപ്പ് ആരവം മുഴങ്ങുമ്പോഴും തന്നെ ഏൽപ്പിച്ച ജോലി തീർക്കാൻ ചുവരുകൾക്കു മുന്നിൽ ചായക്കൂട്ടുകളും ബ്രഷുമായി രാപകൽഭേദമന്യേ എഴുത്തുതുടരുകയാണ് ഗോപീന്ദ്രൻ.

