ചെന്നൈ: ജീവനു ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി നടിയും എഐഎഡിഎംകെ പ്രവർത്തകയുമായ ഗൗതമി ചെന്നൈ പോലീസ് കമ്മീഷണർക്കു പരാതി നൽകി.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണു ഭീഷണികൾ വരുന്നത്. ചിലർ തനിക്കെതിരേ പ്രതിഷേധത്തിന് പദ്ധതിയിടുകയാണ്. തന്നെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നു സംശയിക്കുന്നു- പരാതിയിൽ ഗൗതമി പറയുന്നു.
ചെന്നൈയിലെ നീലങ്കരൈയിലുള്ള ഗൗതമിയുടെ ഒൻപത് കോടി രൂപ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ട തർക്കം നടന്നുകൊണ്ടിരിക്കുകയാണ്. ഈ വസ്തു അഴകപ്പൻ എന്നയാൾ അനധികൃതമായി കൈക്കലാക്കിയെന്ന് ആരോപിച്ച് ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു.
ഇതിനു പിന്നാലെ കോടതി നിർദേശപ്രകാരം തകർക്ക ഭൂമി സീൽ ചെയ്യുകയും ചെയ്തു. ഈ പ്രശ്നമാണ് ഇപ്പോൾ ഗൗതമിയെ ഭീഷണിപ്പെടുത്തുന്നതുവരെ എത്തി നിൽക്കുന്നതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തന്റെ ഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിവാക്കാൻ ചില ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്നു ഗൗതമി പരാതിയിൽ ആരോപിച്ചിട്ടുണ്ട്.