കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന് കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതിയുടെ മൊഴിയില്‍ “വട്ടംചുറ്റി’ പോലീസ്. ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ലെന്നും ആത്മഹത്യയാണെന്നും മുഖ്യ പ്രതി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്.
മതിയായ ശാസ്ത്രീയ തെളിവില്ലാത്തതിനാലും സാക്ഷികള്‍ ഇല്ലാത്തതും കേസില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് അന്വേഷണസംഘം. ഹേമചന്ദ്രന് ആത്മഹത്യ ചെയ്തപ്പോള്‍ മറ്റ് വഴികളില്ലാതെ മൃതദേഹം കൊണ്ടുപോയി കുഴിച്ചിട്ടെന്നാണ് മുഖ്യപ്രതി ബത്തേരി സ്വദേശി നൗഷാദ് പോലീസിന് നല്കിയ മൊഴി.
വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞ് നാട്ടിലെത്തിയ നൗഷാദിനെ കഴിഞ്ഞ ദിവസം ബംഗളൂരൂ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ അഞ്ച് ദിവസത്തേക്ക് അന്വേഷണസംഘം ഇയാളെ കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു. ബത്തേരിയില്‍ ഉള്‍പ്പെടെ എത്തിച്ച് ഇന്ന് തെളിവെടുക്കാനാണ് പോലീസ് നീക്കം.
നേരത്തെ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ബത്തേരി മാടക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, കള്ളുവടി വീട്ടില്‍ ബി.എസ്. അജേഷ് , നെന്മേനി മാടക്കര വേങ്ങശേരി വീട്ടില്‍ വൈശാഖ് എന്നിവരെ നൗഷാദിനൊപ്പം ഇരുത്തി ചോദ്യം ചെയ്യും. ഇവരുമായുള്ള വാട്ട്സ്ആപ്പ് ചാറ്റുകള്വച്ച് നൗഷാദിനെ കുടുക്കാനാണ് പോലീസ് നീക്കം. കൊലപാതകവുമായി ബന്ധപ്പെട്ട് കൂട്ടുപ്രതികള്‍ക്ക് നൗഷാദ് അയച്ച മെസേജുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.
അതേസമയം, ഹേമചന്ദ്രനെ താന്‍ കൊലപ്പെടുത്തിയതല്ലെന്നാണ് നൗഷാദ് പറയുന്നത്. ഇക്കാര്യം നേരത്തേ ഫെയ്സ്ബുക്ക് വീഡിയോയിലും നൗഷാദ് പറഞ്ഞിരുന്നു. നിരവധി ആളുകള്‍ക്ക് ഹേമചന്ദ്രന് പണം നല്‍കാനുണ്ട്. ഈ പണം മൈസൂരു സ്വദേശിയില്‍നിന്ന് വാങ്ങിനല്‍കാം എന്നാണ് ഹേമചന്ദ്രന് പറഞ്ഞത്. സുല്‍ത്താന്‍ ബത്തേരിയില്‍ എത്തി ഇയാള്‍ ആവശ്യപ്പെട്ട പ്രകാരം വീടെടുത്ത് നല്‍കുകയായിരുന്നു.
ഇവിടെ ആത്മഹത്യചെയ്ത നിലയില്‍ ഹേമചന്ദ്രനെ കണ്ടപ്പോള്‍ ഭയന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുഴിച്ചുമൂടുകയായിരുന്നു എന്നാണ് നൗഷാദ് പറയുന്നത്.ഒന്നരവര്‍ഷം മുന്‍പ് കോഴിക്കോട്ടുനിന്ന് കാണാതായ വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്ര(53)ന്റെ മൃതദേഹം ജൂണ്‍ 28-നാണ് നീലഗിരിയിലെ ചേരമ്പാടി വനമേഖലയില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. കേസില്‍ സ്ത്രീകളെ ഉള്‍പ്പെടെ ഉപയോഗിച്ച് ഹേമചന്ദ്രനെ വയനാട്ടിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
- സ്വന്തം ലേഖകന്‍