ചാത്തന്നൂർ: കേരള സ്റ്റേറ്റ് ഇലക്്ട്രിസിറ്റി ബോർഡ് 1000 രൂപ മുതലുള്ള ബില്ലുകൾ പണമായി സ്വീകരിക്കില്ല. വൈദ്യുതി ചാർജ് തുടങ്ങി കെ എസ്ഇബിയിൽ ഒടുക്കേണ്ട എല്ലാ തുകകളും ഓൺലൈനായി അടയ്ക്കണം. കഴിഞ്ഞ 15-ന് വൈദ്യുതി ബോർഡ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കി.
വൈദ്യുതി ബോർഡിൽ ഡിജിറ്റൽ പേമെൻ്റ് നടത്തിയിരുന്നവരുടെ എണ്ണം തുച്ഛമായ മാസങ്ങൾ കൊണ്ട് ഇരട്ടിയിലധികമായി വർദ്ധിച്ചു. 40 ശതമാനം വരെയായിരുന്നത് ഇപ്പോൾ 80 ശതമാനമായി വർദ്ധിച്ചതായി അധികൃതർ വ്യക്തമാക്കി. ഡിജിറ്റൽ പേമെൻ്റിന് സ്വീകാര്യത കൂടി വരുന്നതായി കെ എസ് ഇ ബി .
ഡിജിറ്റലൈസേഷനെ പ്രമോട്ട് ചെയ്യാനാണ് 1000 രൂപയ്ക്ക് മുകളിലുള്ള തുക ഓൺലൈനായി അടയ്ക്കണമെന്ന് ഉത്തരവിൽ പറയുന്നുവെങ്കിലും കാഷ് കൗണ്ടറുകളുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യം.
ഈ ഉത്തരവ് വലിയ രീതിയിലുള്ള വിവേചനം ആണ് എന്ന് പരാതികൾ ഉയർന്നിട്ടുണ്ട്.പുതിയ തലമുറയ്ക്ക് ഓൺലൈൻ പേയ്മെൻ്റ് പ്രശ്നമാകില്ല.
പഴയ തലമുറയിൽപ്പെട്ടവരും ഡിജിറ്റൽ ഉപകരണങ്ങളുമായി ബന്ധമില്ലാത്തവരും ബില്ലുകൾ അടയ്ക്കാൻ മറ്റുള്ളവരെയോ , അക്ഷയ പോലെയുള്ള കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരും. അത്തരം സ്ഥാപനങ്ങളിൽ പോയി ബില്ലുകൾ അടയ്ക്കുന്നതിന് അവരുടെ സർവീസ് ചാർജ്ജ് കൂടി കൊടുക്കേണ്ടി വരും.