ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രൗഢഗംഭീര സ്റ്റേഡിയങ്ങളിലൊന്നായ ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയം പൊളിച്ചുപണിയാനൊരുങ്ങി കേന്ദ്ര കായിക മന്ത്രാലയം. 102 ഏക്കറിൽ പരന്നുകിടക്കുന്ന സ്റ്റേഡിയവും പരിസരങ്ങളും വിവിധ സൗകര്യങ്ങളോടെയുള്ള ‘സ്പോർട്സ് സിറ്റി’യാക്കി മാറ്റാനാണു തീരുമാനം.
വിശിഷ്ട പരിശീലന സംവിധാനങ്ങളും വിവിധ കായികമത്സരങ്ങൾ സംഘടിപ്പിക്കാനുള്ള വേദികളും ബ്രോഡ്കാസ്റ്റ് സ്റ്റുഡിയോയും ഉൾപ്പെടുന്ന സ്പോർട്സ് സിറ്റിയാണു ലക്ഷ്യമിടുന്നത്. 1982 ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കാനായി നിർമിച്ച സ്റ്റേഡിയം, 2010ലെ കോമണ്‍വെൽത്ത് ഗെയിംസിനായി 961 കോടി രൂപ ചെലവിലാണു നവീകരിച്ചത്.
സ്വന്തം ലേഖകൻ

