തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരള-സൗരാഷ്ട്ര മത്സരം സമനിലയിൽ. സൗരാഷ്ട്ര ഉയർത്തിയ 330 റൺസ് പിന്തുടർന്ന കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുക്കാനെ സാധിച്ചുള്ളു. മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഫസ്റ്റ് ഇന്നിംഗ്സ് ലീഡിന്റെ പിന്‍ബലത്തില്‍ കേരളത്തിന് മൂന്ന് പോയിന്റ് ലഭിച്ചു.
മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ 160 റൺസെടുത്ത് പുറത്തായ സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 402 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 233 റൺസാണ് കേരളം എടുത്തത്.
അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 351 റൺസെന്ന നിലയിൽ നാലാം ദിനം ക്രീസിലിറങ്ങിയ സൗരാഷ്ട്ര എട്ടോവര്‍ മാത്രമാണ് ബാറ്റ് ചെയ്തത്. അർധസെഞ്ചുറി പിന്നിട്ട പ്രേരക് മങ്കാദിനെ (52) എം.ഡി. നിധീഷ് ബൗള്‍ഡാക്കിയതോടെ ആറിന് 366 റൺസെന്ന നിലയിലായി.
പിന്നാലെ ധര്‍മേന്ദ്ര ജഡേജയെ(10) എന്‍.പി. ബേസില്‍ പുറത്താക്കി. സ്കോർ 378 റൺസിൽ നില്‍ക്കെ അന്‍ഷ് ഗോസായിയെ കൂടി പുറത്താക്കിയ എം.ഡി. നിധീഷ് മത്സരത്തില്‍ 10 വിക്കറ്റ് നേട്ടം തികച്ചു. 11 റണ്‍സെടുത്ത നായകന് ജയദേവ് ഉനദ്ഘട്ടും 12 റണ്‍സുമായി യുവരാജ് സിംഗ് ഡോഡിയയും പുറത്താകാതെ നിന്നു. കേരളത്തിനായി എം.ഡി. നിധീഷ് നാലു വിക്കറ്റെടുത്തപ്പോള്‍ എന്‍.പി. ബേസില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗ് തുടങ്ങിയ കേരളത്തിന് വേണ്ടി വരുൺ നയനാർ 66 റൺസെടുത്തു. അഹമ്മദ് ഇമ്രാൻ 42 റൺസും സ്കോർ ചെയ്തു. ഇരുവരും പുറത്താകാതെ നിന്നു. അഞ്ച് റണ്‍സെടുത്ത രോഹന് കുന്നുമ്മലിന്റെയും 16 റൺസെടുത്ത സച്ചിൻ ബേബിയുടെയും 19 റൺസെടുത്ത അഭിഷേക് പി. നായരുടെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. അഞ്ച് റണ്‍സെടുത്ത ഓപ്പണർ ആകര്‍ഷ് പരിക്കേറ്റ് മടങ്ങി.

