പരവൂർ: തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനായി പുതിയ സുരക്ഷാസംവിധാനം അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാരന്റെ മൊബൈൽ നമ്പറിലേക്ക് അയയ്ക്കുന്ന വൺ-ടൈം പാസ്വേഡ് (ഒടിപി) വെരിഫിക്കേഷനുശേഷം മാത്രമേ ഇനി ടിക്കറ്റുകൾ നൽകുകയുള്ളൂ. ഈ ഒടിപി വെരിഫിക്കേഷൻ സംവിധാനം ഡിസംബർ മുതൽ നടപ്പിലാക്കുമെന്നാണു റെയിൽവേ പറയുന്നത്. ചില സ്റ്റേഷനുകളിൽ പരീക്ഷണ അടിസ്ഥാനത്തിൽ ഇത് ആരംഭിച്ചുകഴിഞ്ഞു.
ആഴ്ചകൾക്കുള്ളിൽ ഇത് പൂർണതോതിൽ പ്രവർത്തനസജ്ജമാകും. റെയിൽവേ ബോർഡ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കനുസരിച്ച് തത്കാൽ ബുക്കിങ് സംവിധാനത്തിൽ ഒരു പ്രധാന മാറ്റം വരുത്തിയിട്ടുള്ളത്.സിസ്റ്റം ജനറേറ്റ് ചെയ്യുന്ന വൺ-ടൈം പാസ്വേഡ് സ്ഥിരീകരിച്ചതിനുശേഷം മാത്രമേ ഇനി തത്കാൽ ടിക്കറ്റുകൾ നൽകുകയുള്ളൂ. ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാരൻ നൽകുന്ന മൊബൈൽ നമ്പറിലേക്ക് ഈ ഒടിപി അയയ്ക്കുകയും ഒടിപി വിജയകരമായി സാധൂകരിച്ചതിനുശേഷം മാത്രമേ ടിക്കറ്റ് നൽകുകയുമുള്ളൂ എന്ന് റെയിൽവേ മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കി.
ആദ്യ ഘട്ടത്തിൽ, ഒടിപി അടിസ്ഥാനമാക്കിയുള്ള തത്കാൽ ഓഥന്റിഫിക്കേഷൻ സംവിധാനം ട്രെയിൻ നമ്പർ 12009/12010, മുംബൈ സെൻട്രൽ-അഹമ്മദാബാദ് ശതാബ്ദി എക്സ്പ്രസിലാണ് നടപ്പിലാക്കുന്നത്. പിന്നീട് ഇത് നെറ്റ്വർക്കിലുടനീളമുള്ള മറ്റ് ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും. ഇതിനുള്ള സാങ്കേതിക ചിട്ടപ്പെടുത്തലുകൾ റെയിൽവേ നെറ്റ് വർക്കിൽ നടന്നുവരികയാണ്.
ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ്, റെയിൽവേ കൗണ്ടറുകൾ എന്നിവയുൾപ്പെടെ എല്ലാ ബുക്കിങ് ചാനലുകളിലും ഈ പുതിയ സംവിധാനം ബാധകമാകും.സുതാര്യമായ തത്കാൽ ബുക്കിംഗ് ഉറപ്പാക്കുകയും യഥാർഥ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റുകൾ മികച്ച രീതിയിൽ ലഭ്യമാക്കുകയുമാണ് ഈ മാറ്റത്തിന്റെ ലക്ഷ്യമെന്ന് റെയിൽവേയുടെ അറിയിപ്പിൽ പറയുന്നു.
തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന്, ഐആർസിടിസി വെബ്സൈറ്റിലോ മറ്റ് അംഗീകൃത പ്ലാറ്റ്ഫോമുകളിലോ ലോഗിൻ ചെയ്ത് താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കേണ്ടതുണ്ട്.അവസാന നിമിഷത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ബുക്കിംഗ് സമയത്തിനുമുൻപ് യാത്രക്കാരൻ ഐആർസിടിസി അക്കൗണ്ടിൽ ലോഗിൻ ചെയ്യണം. യാത്രയുടെ തീയതിക്കൊപ്പം, യാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകൾ പൂരിപ്പിക്കണം.
സെർച്ച് ഫോമിൽ ‘തത്കാൽ’ ഓപ്ഷൻ തിരഞ്ഞെടുക്കുക, ലഭ്യമായ ട്രെയിനുകൾക്കായി തെരയുക, അതിൽ നിന്ന് യാത്ര ചെയ്യേണ്ട ട്രെയിൻ കണ്ടെത്തി തെരഞ്ഞെടുക്കുക. യാത്രക്കാരുടെ പേര്, വയസ്, ലിംഗം തുടങ്ങിയ വിവരങ്ങൾ നൽകുക. ഭാവിയിലെ ബുക്കിംഗുകൾക്കായി യാത്രക്കാരന്റെ വിവരങ്ങൾ സേവ് ചെയ്യാൻ “മാസ്റ്റർ ലിസ്റ്റ്” ഫീച്ചർ ഉപയോഗിക്കാം.
നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, അല്ലെങ്കിൽ പേയ്മെന്റ് വാലറ്റുകൾ ഉപയോഗിച്ച് ഇടപാട് വേഗത്തിൽ പൂർത്തിയാക്കുക.2025 ഒക്ടോബർ 28 മുതൽ പ്രാബല്യത്തിലുള്ള ഐആർസിടിസിയുടെ പുതിയ അറിയിപ്പ് പ്രകാരം, റിസർവേഷൻ ആരംഭിക്കുന്ന ആദ്യ ദിവസം രാവിലെ എട്ടിനും പത്തിനും ഇടയിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ആധാർ ഓഥന്റിഫിക്കേഷൻ നിർബന്ധമാണ്. ആധാർ വെരിഫൈ ചെയ്യാത്ത ഉപയോക്താക്കൾക്ക് ഈ സമയപരിധിക്ക് പുറത്ത് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
പുതിയ സംവിധാനം വഴി തത്്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ വരുമ്പോൾ ഫോമിൽ രേഖപ്പെടുത്തുന്ന മൊബൈൽ നമ്പർ കൈവശം ഇല്ലെങ്കിൽ ബുക്കിംഗ് എളുപ്പമാകില്ല. ഒടിപി നമ്പർ വരുമ്പോൾ അത് കൗണ്ടറിലെ ക്ലർക്കിന് ഉടൻ കൈമാറണം. അതിന് കഴിഞ്ഞില്ലങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ല.
മാത്രമല്ല കൗണ്ടർ ജീവനക്കാരുടെ സമയവും നഷ്ടമാകും. ഇത്തരത്തിലുള്ള ചില സാങ്കേതികതകൾ പുതിയ സംവിധാനത്തിന്റെ പോരായ്മയായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

