കൊച്ചി: നാട്ടിൻപുറങ്ങളിലെ പറന്പിലും വഴിയിലും വീണു ചീഞ്ഞു നശിക്കുന്ന ചക്കയ്ക്കു വിദേശത്തു താരപരിവേഷം. കടൽ കടന്നെത്തുന്ന ചക്കയ്ക്കു ബർഗർ എന്ന വിഭവത്തിലാണു സായിപ്പ് ഇടംകൊടുത്തിരിക്കുന്നത്. അമേരിക്കൻ വിഭവമായ ടെരിയാക്കിയിൽ കോഴിയിറച്ചിക്കു പകരമായും പച്ചച്ചക്ക ഉപയോഗിക്കുന്നു. ചക്കക്കുരു പൊടിച്ചുണ്ടാക്കുന്ന പാസ്തയാണു വിദേശത്തെ പുതിയ ഇഷ്ടവിഭവം.
സംസ്ഥാന വാണിജ്യ-വ്യവസായ വകുപ്പ് കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നടത്തിവരുന്ന ബിസിനസ് മീറ്റായ വ്യാപാർ-2017ൽ ചക്കയ്ക്കു വലിയ പ്രാധാന്യമാണു ലഭിച്ചിരിക്കുന്നത്. ചക്കയിൽനിന്ന് ഇരുപതോളം ഉത്പന്നങ്ങളുണ്ടാക്കുന്ന കന്പനികൾ വരെ വ്യാപാർ മീറ്റിലുണ്ട്. അമേരിക്കയിൽനിന്നും യൂറോപ്പിൽ നിന്നുമുള്ള ആവശ്യത്തിനനുസരിച്ച് ബർഗറിനുളളിൽ വയ്ക്കുന്ന കട്ലറ്റ്, അമേരിക്കൻ ഭക്ഷണമായ ടെരിയാക്കി എന്നിവയ്ക്കുവേണ്ടിയെല്ലാം ചക്കയ്ക്ക് കരാർ ലഭിക്കുന്നുണ്ടെന്നു കണ്ണൂരിൽനിന്നുള്ള കെ. സുഭാഷ് പറഞ്ഞു.
ചക്കക്കുരു പൊടിച്ചെടുത്താണ് പാസ്ത നിർമിക്കുന്നത്. ചക്ക അധിഷ്ഠിത ഉത്പന്നങ്ങൾക്ക് വിദേശത്തു ഡിമാൻഡ് കൂടിവരികയാണെന്നും അദ്ദേഹം പറഞ്ഞു.കീടനാശിനി വിമുക്തവും ആരോഗ്യവർധകവുമാണെന്നതാണ് ചക്കയുടെ പ്രധാന വാണിജ്യ സവിശേഷത. മലേഷ്യ, തായ് ലൻഡ് എന്നീ രാജ്യങ്ങളിൽനിന്നും ചക്ക പാശ്ചാത്യരാജ്യങ്ങളിൽ ഉണ്ടെങ്കിലും അതെല്ലാം കൃഷി ഉത്പന്നമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. എന്നാൽ കേരളത്തിലെ ചക്കയെ വിദേശരാജ്യങ്ങളിൽ പ്രകൃതിദത്ത ഇനത്തിൽ പെടുത്തിയിരിക്കുന്നു.
അതിനാൽ കേരളത്തിൽ നിന്നുള്ള ചക്ക അധിഷ്ഠിത ഉത്പന്നങ്ങൾക്ക് ഡിമാൻഡ് വർധിക്കുന്നു. ചക്കയ്ക്കൊപ്പം നാളികേരം, വെന്ത വെളിച്ചെണ്ണ എന്നിവയുടെ ആരോഗ്യപ്രാധാന്യത്തെക്കുറിച്ച് അമേരിക്കയിലും യൂറോപ്പിലും നടന്ന ശാസ്ത്രപഠനങ്ങൾ ഏറെ ഗുണം ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ ചക്ക, തേങ്ങ അധിഷ്ഠിത വ്യവസായങ്ങൾക്ക് കയറ്റുമതി മേഖലയിൽ മികച്ച അവസരങ്ങളാണ് ലഭിക്കുന്നതെന്ന് വ്യവസായികൾ ചൂണ്ടിക്കാട്ടി.
വെന്ത വെളിച്ചെണ്ണയുടെ ആരോഗ്യപ്രാധാന്യം പാശ്ചാത്യ ലോകം തിരിച്ചറിഞ്ഞതോടെ ഈ രംഗത്തെ കയറ്റുമതി ഗണ്യമായി വർധിച്ചിരിക്കുകയാണ്.വ്യാപാർ മീറ്റിൽ ഏറ്റവുമധികം സ്റ്റാളുകളുള്ളത് ഭക്ഷ്യസംസ്കരണ മേഖലയിൽനിന്നാണ്. ഏറ്റവും കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നതും ഈ മേഖലയിൽനിന്നു തന്നെയാണെന്നും സംഘാടകർ സൂചിപ്പിച്ചു.