കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചേര്‍ത്തല ചൊങ്ങുംതറ സെബാസ്റ്റ്യ (68)നുമായി കോട്ടയം ക്രൈം ബ്രാഞ്ച് ഇന്നു മുതല്‍ തെളിവെടുപ്പ് നടത്തും. ഇന്നലെ സെബാസ്റ്റ്യനെ ഏഴു ദിവസത്തേക്കു കോടതി കസ്റ്റഡിയില്‍ വിട്ടു.
ജെയ്നമ്മയെ പരിചയമുണ്ടെന്ന് പ്രതി സെബാസ്റ്റ്യന്‍ സമ്മതിച്ചെന്നും, ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലുണ്ട്. ജെയ്നമ്മയുടെയും സെബാസ്റ്റ്യന്റെയും മൊബൈല്‍ സിഗ്നലുകള്‍ പല സ്ഥലങ്ങളിലും ഒരുമിച്ചു വന്നിട്ടുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബര്‍ 23 നാണ് അതിരമ്പുഴ സ്വദേശി ജെയിന് മാത്യു (ജെയ്നമ്മ 55)യെ കാണാതാകുന്നത്. സെബാസ്റ്റ്യന്റെ ചേര്‍ത്തലയിലെ വീട്ടില്‍നിന്നു കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ ജെയ്നമ്മയുടേത് ആണോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സെബാസ്റ്റ്യന്റെ ചേര്‍ത്തലയിലെ വീട്, ജെയ്നമ്മയുടെ മൊബൈല്‍ ചാര്‍ജ് ചെയ്തെന്നു പറയപ്പെടുന്ന ഈരാറ്റുപേട്ടയിലെ കട, ജെയ്നമ്മയുടെ ഫോണ്‍ സിഗ്നല്‍ കാണിച്ച മേലുകാവ്, സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയ ധനകാര്യസ്ഥാപനം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസില്‍ പ്രതിയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങളില്‍നിന്നുമുള്ള സാക്ഷികളുമായി തിരിച്ചറിയല്‍ പരിശോധനയും നടക്കും.
സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നു കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് ഫൊറന്‍സിക് സംഘത്തില്‍നിന്നു ലഭിച്ചിട്ടില്ല. മൃതദേഹ അവശിഷ്ടങ്ങള്‍ കത്തിച്ച ശേഷം കുഴിച്ചിട്ടതിനാല്‍ വിശദമായ പരിശോധന ആവശ്യമാണ്.
ഇതാണ് റിപ്പോര്‍ട്ട് വൈകാന്‍ കാരണമാകുന്നത്. കാണാതായ ജെയ്നമ്മയെ പരിചയമില്ലെന്ന നിലപാടിലായിരുന്നു പ്രതി സെബാസ്റ്റ്യന്‍. എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ ഇരുവരുടെയും മൊബൈല്‍ സിഗ്നലുകള്‍ ഒന്നിച്ചുവന്നത് ചൂണ്ടിക്കാട്ടിയപ്പോഴാണു പരിചയമുണ്ടെന്നു പ്രതി സമ്മതിച്ചത്.