പത്തനംതിട്ട: യുവാവിനെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് 10 വര്‍ഷത്തെ കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. പെരിങ്ങനാട് മുണ്ടപ്പള്ളി മുറിയില്‍ പാറക്കൂട്ടം രമ്യാലയത്തില്‍ ജിതിന്(34)നെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ശിക്ഷിച്ചത്.
പിഴ അടയ്ക്കുന്നതിനു വീഴ്ചവരുത്തുന്ന പക്ഷം രണ്ടുവര്‍ഷംകൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും. ഇടയ്ക്കാട് സ്വദേശിയായ ജെഫിൻ മരിച്ച കേസിലാണ് വിധി. പിഴത്തുക മരണപ്പെട്ട ജെഫിന്റെ മാതാപിതാക്കള്‍ക്ക് നല്‍കാനും വിധിയില്‍ പറയുന്നു.
2013 ഡിസംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.മണക്കാല സെമിനാരിപ്പടിയിൽ റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലിരുന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ജെഫിന്റെ ബൈക്കിലും കാലിലുമായി ജിതിൻ ഓടിച്ചുവന്ന പള്‍സര്‍ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ബൈക്ക് ഉള്‍പ്പെടെ തെറിച്ചുവീണ ജെഫിന് തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കുകള്‍പറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഡിസംബര്‍ 30ന് ജെഫിൻ മരിച്ചു.
2012ല്‍ തമിഴ്നാട് ഈറോഡ് വെങ്കിടേശ്വര ഹൈടെക് പോളിടെക്നിക് കോളജില്‍ ഡിപ്ലോമ കോഴ്സിന് പഠിച്ചിരുന്ന ജെഫിനുമായി ഇതേ സ്ഥലത്തുള്ള വെങ്കിടേശ്വര ഹൈടെക് എന്‍ജിനിയറിംഗ് കോളജില്‍ പഠിച്ചുവന്നിരുന്ന ജിതിനുണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് നിഗമനം.
അക്കാലയളവിൽ ജെഫിനോട്, പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും പിണക്കത്തിലാകുകയും ചെയ്തിരുന്നു.നാലു മാസങ്ങൾക്കുശേഷം പഠനം പൂര്‍ത്തിയാക്കാതെ ജെഫിന് നാട്ടിലേക്കു മടങ്ങി. കേസിന്റെ തുടക്കത്തില്‍ പ്രതിയുടെ അമ്മാവനായ രമേശന്റെ മൊഴി പ്രകാരം ജിതിന് വാഹനാപകടത്തില്‍ പരിക്കേറ്റുവെന്നതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
വെറുമൊരു വാഹനാപകട കേസിലൊതുങ്ങുമായിരുന്ന കേസ് അടൂര്‍ പോലീസ് നടത്തിയ മികവുറ്റ അന്വേഷണത്തിന്റെ ഫലമായിട്ടാണ് കൊലപാതകമായി മാറിയത്. അടൂര്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ജി. സന്തോഷ് കുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അടൂര്‍ ഇന്‍സ്പെക്ടര്‍ ടി. മനോജാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.
പ്രോസിക്യൂഷനുവേണ്ടി ഗവണ്മെന്റ് പ്ലീഡര്‍ ഹരികൃഷ്ണന് ഹാജരായി അടൂര്‍ പോലീസ് സ്റ്റേഷന് സിപിഒ നിധിന് പ്രോസിക്യൂഷന് സഹായിയായിരുന്നു.