മാന്നാർ: തട്ടിപ്പ് കേസുകളിൽ പ്രതികളായ ദമ്പതികളെ 30 വർഷങ്ങൾക്കുശേഷം അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിക്കാട് കണിച്ചേരിൽ ശശിധരൻ (71), ഭാര്യ ശാന്തിനി (65) എന്നിവരെയാണ് മാന്നാർ പോലീസ് മുംബൈയിലെ പൻവേലിൽനിന്ന് അറസ്റ്റ് ചെയ്തത്.
1995ൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്തിയതിന് മാന്നാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ അന്ന് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇവർ മാന്നാറിൽനിന്നു മുങ്ങുകയായിരുന്നു.
പിന്നീട് കോടതിയിൽ ഹാജരായുമില്ല. ഇതിനിടെയാണ് 1997ൽ കെഎസ്എഫ്ഇയിൽ വസ്തു ഈടായി നൽകി വായ്പ എടുത്തും പിന്നിട് ബാങ്ക് അറിയാതെ വസ്തു കൈമാറ്റം ചെയ്തതും. ബാങ്കിനെ കബളിപ്പിച്ചു എന്ന കുറ്റത്തിന് മാന്നാർ പോലീസ് ശശിധരന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ പ്രതിയെ പോലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
ഈ രണ്ടു കേസുകളിലും കോടതിയിൽ ഹാജരാകാതിരുന്നതിനാൽ പ്രതികൾക്കെതിരേ കോടതി എൽപി വാറണ്ട് പുറപ്പെടുവിച്ച് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ എസ്പി എം.കെ. ബിനുകുമാർ, മാന്നാർ പോലീസ് ഇൻസ്പെക്ടർ ഡി. രജീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയതിന്റെ ഭാഗമായി ഇവർ മുംബെയിലുണ്ടെന്ന് മനസിലാക്കിയത്.
മാന്നാർ എസ്ഐ ശരത് ചന്ദ്രബോസ്, ജൂണിയർ എസ്ഐ ലിൻസി, സിവിൽ പോലീസ് ഓഫീസർമാരായ അൻസർ, സുമേഷ് എന്നിവർ ചേർന്ന് മുംബൈയിലെ പൻവേലിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്.