ഡിജിറ്റല്‍ മീഡിയയുടെ വളര്‍ച്ച ഒരു തരത്തില്‍ ഗുണമാണെങ്കിലും അതിന്റെ ദൂഷ്യവശങ്ങള്‍ വളരെ വലുതാണ്. എഐ വിപ്ലവത്തിന്റെ നടുവില്‍ ജീവിക്കുന്നതു കൊണ്ടുതന്നെ ഏതാണ് സത്യം ഏതാണ് അസത്യമെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ആളുകള്‍.
പലപ്പോഴും ഇതിന്റെ ഇരകളാകുന്നത് സെലിബ്രിറ്റികളാണ്. അവരുടെ ചിത്രങ്ങളും മറ്റും മോശമാക്കി മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും വൈറലാക്കുകയും ചെയ്യുന്ന ഒരുപാട് സൈബര്‍ കുറ്റവാളികളുണ്ട്. പല സെലിബ്രിറ്റികളും തങ്ങളുടെ പരാതികള്‍ സൈബര്‍ പോലീസിനോട് പരാതി പ്പെടുകയും പ്രതികളെ പിടിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടക്കുന്ന എഐയുടെ ദുരുപയോഗത്തെക്കുറിച്ച് തുറന്നു പറയുകയാണ് തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ്. എഐയുടെ ഭീഷണി സെലിബ്രിറ്റികള്‍ക്കും സാധാരണക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സാമൂഹിക പ്രശ്നമായി വളരുകയാണെന്നാണ് കീർത്തി സുരേഷ് പറഞ്ഞത്.
എഐ ഇന്നൊരു വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതൊരു അനുഗ്രഹവും അതോടൊപ്പം തന്നെ ഒരു ശാപവുമാണ്. സാങ്കേതികവിദ്യ മനുഷ്യൻ കണ്ടുപിടിച്ചതാണെങ്കിലും, അതിന്മേലുള്ള നിയന്ത്രണം ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും, ഡീപ്ഫേക്കുകള്‍ എന്നറിയപ്പെടുന്ന ഇത്തരം കൃത്രിമ ചിത്രങ്ങളും വീഡിയോകളും തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധത്തില്‍ വിശ്വസനീയമായ രൂപത്തിലാണ് നിർമിക്കപ്പെടുന്നത്. ഇത് ഏതൊരാളുടെയും വ്യക്തിപരമായ ജീവിതത്തില്‍ വലിയ ആഘാതമാണുണ്ടാക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ എന്റെ ചിത്രം ഒരു അശ്ലീല വസ്ത്രത്തില്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അത് എനിക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കി. അടുത്തിടെ ഒരു സിനിമയുടെ പൂജയ്ക്ക് ഞാൻ ധരിച്ച വസ്ത്രം, മോശമായ രീതിയിലേക്ക് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റുകയായിരുന്നു. ആ ചിത്രം കണ്ടപ്പോള്‍ ഞാൻ ഒരു നിമിഷം ചിന്തിച്ചുപോയി.
അപ്പോഴാണ് എനിക്ക് മനസിലായത്, ആ രീതിയില്‍ ഞാൻ പോസ് ചെയ്തിട്ടില്ലെന്ന്. ഇത് തീർച്ചയായും അരോചകമാണ്. ഒരു വ്യക്തി എന്ന നിലയില്‍ ഇത് വേദനാജനകമാണ്. ഒരു വ്യക്തിയുടെ സമ്മതമില്ലാതെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് സൃഷ്ടിക്കുന്ന നിയമപരവും ധാർമികവുമായ വെല്ലുവിളികള്‍ വളരെ വലുതാണ്.
ഇത്തരം സാങ്കേതികവിദ്യകളെ പൂർണമായി നിയന്ത്രിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണ്. ഈ വിഷയത്തിന്റെ ഗൗരവം കേവലം സിനിമാ മേഖലയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്ന ആരെയും ഇത് ബാധിക്കാവുന്ന ഗുരുതരമായ സൈബർ ഭീഷണിയാണ്.
കലാകാരന്മാരുടെയും പൊതു വ്യക്തികളുടെയും സ്വകാര്യതയെ അപ്പാടെ തകർക്കുന്ന ഈ പ്രവണത സൈബർ ലോകത്ത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഒരു വ്യക്തിയുടെ മുഖമോ ശരീരമോ മറ്റൊരു സന്ദർഭവുമായി കൂട്ടിച്ചേർത്ത്, അവർ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തുവെന്ന് വരുത്തിത്തീർക്കാൻ എഐക്ക് സാധിക്കുന്നു. ഇത് വ്യക്തിഹത്യക്കും സൈബർ ഭീഷണിക്കും വഴിയൊരുക്കുന്നു-കീര്‍ത്തി സുരേഷ് പറഞ്ഞു. ചെന്നൈയില്‍ തന്റെ പുതിയ സിനിമയായ റിവോൾവർ റീത്തയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് കീർത്തി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

