കാര്യവട്ടം: ഇടയ്ക്കു പെയ്ത മഴയും ഇടവേളകളില്‍ നഷ്ടമായ വിക്കറ്റുകളും വിജയ പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയ സമയത്ത് രക്ഷകനായെത്തിയ എം.എസ്. അഖില്‍ കൊല്ലത്തിന്റെ മനസു നിറച്ച ജയം സമ്മാനിച്ചു. 12 പന്ത് നേരിട്ട് പുറത്താകാതെ 44 റണ്‍സ് നേടിയ അഖിലിന്റെ മികവില്‍ കൊല്ലം സെയ്ലേഴ്സ് മൂന്നു വിക്കറ്റിന് തൃശൂര്‍ ടൈറ്റന്‍സിനെ തോല്‍പ്പിച്ചു.
മഴ മൂലം വൈകിയാരംഭിച്ച മത്സരം, വീണ്ടും മഴയെത്തിയതോടെ 13 ഓവറാക്കി ചുരുക്കി. വിജെഡി മഴ നിയമപ്രകാരം വിജയിക്കാന്‍ 148 റണ്‍സ് വേണ്ടിയിരുന്ന കൊല്ലം അവസാന ഓവറിലെ ആദ്യ പന്തില്‍ വിജയം സ്വന്തമാക്കി. എം.എസ് അഖിലാണ് പ്ലയര്‍ ഓഫ് ദ മാച്ച്.
സ്കോര്‍: തൃശൂര്‍ ടൈറ്റന്‍സ് 13 ഓവറില്‍ നാലിന് 138. കൊല്ലം സെയ്ലേഴ്സ് 12.1 ഓവറില്‍ ഏഴിന് 149 (വിജെഡി നിയമം)
അടിച്ചു കസറി അഖില്‍
148 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച കൊല്ലത്തിന് ആദ്യഓവറില്‍ തന്നെ ഓപ്പണര്‍ വിഷ്ണു വിനോദിനെ നഷ്ടമായി. മൂന്നാം പന്തില്‍ വിഷ്ണുവിനെ (0) അജിനാസിന്റെ പന്തില്‍ അഹമ്മദ് ഇമ്രാന് പിടികൂടി. എം.ഡി. നിധീഷ് എറിഞ്ഞ രണ്ടാം ഓവറില്‍ സച്ചിന് ബേബി അടിച്ചെടുത്തത് മൂന്നു സിക്സുകള്‍ ഉള്‍പ്പെടെ 23 റണ്‍സ്. മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ അഭിഷേക് നായരെ (5) ആദിത്യ വിനോദ് മടക്കി. അഞ്ചാം ഓവറിലെ അവസാന പന്തില്‍ അജിനാസ് ആഷിക് മുഹമ്മദിനെ (13) ബൗള്‍ഡ് ആക്കിയതോടെ കൊല്ലം മൂന്നിന് 60. 6.3-ാം ഓവറില്‍ സച്ചിന് ബേബിയെ (18 പന്തില്‍ 36) ആദിത്യ വിനോദ് സിജോമോന്റെ കൈകളിലെത്തിച്ചു.
10-ഓവറില്‍ എം.എസ്. അഖിലിന്റെ മികച്ച ബാറ്റിംഗ് കൊല്ലത്തെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നു. നിധീഷ് എറിഞ്ഞ ഈ ഓവറിലെ ആദ്യ പന്തില്‍ വല്‍സല്‍ ഗോവിന്ദിനെ (1) അജിനാസ് നിധീഷിന്റെ കൈകളിലെത്തിച്ചു. പിന്നെ കണ്ടത് അഖിലിന്റെ ബാറ്റിംഗ് തേരോട്ടം. തുടര്‍ച്ചയായി നാലു സിക്സറുകളും അവസാന പന്തില്‍ രണ്ടു റണ്സുമുള്പ്പെടെ ഈ ഓവറില്‍ അഖില്‍ നേടിയത് 26 റണ്‍സ്. തൊട്ടടുത്ത ഓവറില്‍ 23 റണ്‍സ് എടുത്ത ഷറഫുദ്ദീന് പുറത്ത്. 12-ാം ഓവറില്‍ രണ്ട് ബൗണ്ടറികള്‍ ഉള്‍പ്പെടെ കൊല്ലം 12 റണ്‍സ് സ്വന്തമാക്കി. അവസാന ഓവറിലെ ആദ്യ പന്ത് ഡീപ് മിഡ് വിക്കറ്റിലൂടെ ബൗണ്ടറി പായിച്ച് എ.ജി. അമല്‍ വിജയറണ്‍ സ്വന്തമാക്കി.
ഷോണ്‍ ഫിഫ്റ്റി
തൃശൂര്‍ ടൈറ്റന്‍സിനായി ഷോണ്‍ റോജര്‍ അര്‍ധസെഞ്ചുറി സ്വന്തമാക്കി. 29 പന്തില്‍ മൂന്നു സിക്സും അഞ്ച് ഫോറും അടക്കം 51 റണ്‍സ് ഷോണ്‍ സ്വന്തമാക്കി. എ.കെ. അര്‍ജുന്റെ (14 പന്തില്‍ ആറ് സിക്സും ഒരു ഫോറും അടക്കം 44 നോട്ടൗട്ട്) കടന്നാക്രമണമാണ് തൃശൂരിന്റെ സ്കോര്‍ 138ല്‍ എത്തിച്ചത്. ഷോണ്‍ റോജര്‍-വരുണ്‍ നായനാര്‍ കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ 64 റണ്‍സ് നേടി.
തോമസ് വര്‍ഗീസ്