വെള്ളിയാമറ്റം: പഞ്ചായത്തിലെ കൃഷിപ്പെരുമയെക്കുറിച്ചു പഠിക്കാൻ ഫ്രഞ്ച് സംഘം വെള്ളിയാമറ്റത്തെത്തി. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും മേൽനോട്ടത്തിൽ ജൈവ പച്ചക്കറി ഉത്പാദനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കാർഷിക കർമ സേന മഴമറ പാട്ടത്തിനെടുത്ത് പച്ചക്കറികളുടെയും പൂക്കളുടെയും കൃഷി ആരംഭിച്ചിരുന്നു.
ഇതേക്കുറിച്ച് കേട്ടറിഞ്ഞാണ് ഫ്രാൻസിൽനിന്നുള്ള കർഷക പ്രതിനിധികളായ ജെറോം ബുസാറ്റോ, ചെലി ആൽബെർക, ബ്ലാൻഡിൻ ഡുമോന്റന്റ്, കോറിൻ ജലാടേ എന്നിവർ വെള്ളിയാമറ്റത്ത് എത്തിയത്.സംഘത്തെ പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശേരിയുടെയും കൃഷി ഓഫീസർ നിമിഷ അഗസ്റ്റിന്റെയും നേതൃത്വത്തിൽ സ്വീകരിച്ചു.
മഴമറയിൽ പൂർണമായും ജൈവരീതിയിൽ നടത്തിവരുന്ന ഇന്റൻസീവ് ക്രോപ്പിംഗ് എന്ന കൃഷിരീതിയെക്കുറിച്ച് കൃഷി ഓഫീസർ സംഘാംഗങ്ങൾക്ക് വിശദീകരിച്ചു. കാർഷിക കർമ സേനാംഗങ്ങളായ ഉഷാകുമാരി ലാൽ, റീത്ത സിബി, ചന്ദ്രിക ബാലചന്ദ്രൻ, റാണി സന്തോഷ്, ഷൈനി സജീവ് എന്നിവരാണ് മഴമറയിൽ ചെണ്ടുമല്ലി, വാടാമുല്ല, സാലഡ് കുക്കുംബർ, വെണ്ട, തക്കാളി, മുളക്, പയർ എന്നിവ കൃഷി ചെയ്തിരിക്കുന്നത്.
പഞ്ചായത്ത് പ്രത്യേകമായി കാർഷികമേഖലയിൽ നടപ്പാക്കി വരുന്ന പ്രവർത്തനങ്ങളെയും പദ്ധതികളെയും കുറിച്ച് ഇവർ ചോദിച്ച് മനസിലാക്കുകയും തുടർന്ന് മഴമറയുടെ ഉടമയായ ഏബ്രഹാം കൂട്ടുങ്കലിന്റെ മീൻകൃഷി, തേനീച്ച കൃഷി തുടങ്ങിയവയും കണ്ടു. വീണ്ടും ഈ കൃഷിയിടം സന്ദർശിക്കുമെന്ന് ഉറപ്പു നൽകി രണ്ട് മണിക്കൂറോളം ഇവിടെ ചെലവഴിച്ച ശേഷമാണ് ഇവർ മടങ്ങിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ജോസുകുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ രാജി ചന്ദ്രശേഖരൻ, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ പി.ഡി. അരുണ്‍കുമാർ, പി.എൻ. ബിജു, കാർഷിക കർമസേന സൂപ്പർവൈസർ ജോണ്സണ് തോമസ്, കർമസേന പ്രസിഡന്റ് ശ്രീജ പുഷ്പൻ, സെക്രട്ടറി കെ.വി. വിലാസിനി എന്നിവർ പങ്കെടുത്തു.