ചങ്ങനാശേരി: കണ്ണൂര്‍ റൂട്ടിൽ സർവീസ് നടത്താന്‍ ചങ്ങനാശേരി ഡിപ്പോയില്‍ രണ്ടു സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസുകള്‍ എത്തി. ഇന്നു രാവിലെ മുതല്‍ പുതിയ ബസുകള്‍ സര്‍വീസ് തുടങ്ങുമെങ്കിലും ശനിയാഴ്ച രാവിലെയാണ് ജോബ് മൈക്കിള്‍ എംഎല്‍എ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
ചങ്ങനാശേരിയില്‍നിന്നും 6.45നാണ് കണ്ണൂര്‍ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് പുറപ്പെടുന്നത്. വൈകുന്നേരം 5.30ന് കണ്ണൂരിലെത്തും. കണ്ണൂരില്‍നിന്നു പുലര്‍ച്ചെ അഞ്ചിനു പുറപ്പെടുന്ന ബസ് ഉച്ചകഴിഞ്ഞു മൂന്നിന് ചങ്ങനാശേരിയില്‍ എത്തിച്ചേരും.
എടി 448, എടി 449 സൂപ്പര്‍ പ്രീമിയം ബസുകളാണ് ചങ്ങനാശേരി ഡിപ്പോയില്‍ എത്തിയിരിക്കുന്നത്. പന്ത്രണ്ടിലേറെ വര്‍ഷം പഴക്കമുള്ള ബസുകളാണ് ഇതുവരെ കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ സര്‍വീസ് തുടങ്ങിയത് പെരുമ്പടവ് വഴി രാജപുരത്തേക്കായിരുന്നു. കളക്ഷന്‍ കുറവുമൂലമാണ് സര്‍വീസ് കണ്ണൂരു വരെയാക്കിയത്.
യാത്രക്കൂലി വര്‍ധിക്കും.ജീവനക്കാരുടെ ഡ്യൂട്ടിയും സ്റ്റോപ്പുകളും കുറയും
380 കിലോമീറ്റര്‍ ദൂരമുള്ള ചങ്ങനാശേരി-കണ്ണൂര്‍ സര്‍വീസിന് 433 രൂപ യാത്രക്കൂലിയാണ്. സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസ് എത്തുന്നതോടെ അഞ്ചുശതമാനം ചാര്‍ജ് വര്‍ധനയുണ്ടാകും. ബസ് ചാര്‍ജ് 455 രൂപയാകും. ഇപ്പോള്‍ ഈ സര്‍വീസിന് അമ്പതോളം സ്റ്റോപ്പുകളുണ്ട്.
പ്രീമിയം ബസ് വരുന്നതോടെ സ്റ്റോപ്പുകളുടെ എണ്ണം 36 ആയി കുറയും. സ്റ്റോപ്പ് കുറയുന്നതോടെ ഒരു മണിക്കൂറോളം സമയലാഭം ലഭിക്കുമെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. മികച്ച സീറ്റ് സംവിധാനവും സിനിമകള്‍ കാണാന്‍ എച്ച്ഡി ടിവി സംവിധാനവും ബസില്‍ സജ്ജമാണ്.
അതേസമയം, പഴയ സര്‍വീസില്‍ ജീവനക്കാര്‍ക്കു മൂന്നു ഡ്യൂട്ടിയും ഒരു വീക്ക്ലി ഓഫും ലഭിക്കുമായിരുന്നു. പ്രീമിയം സര്‍വീസില്‍ രണ്ടര ഡ്യൂട്ടിയെ ലഭിക്കൂ എന്ന ആശങ്ക ജീവനക്കാരിലുണ്ട്.
തിരുനെല്‍വേലിക്കും പുതിയ ബസ് അനുവദിക്കണം
പത്തുവര്‍ഷം പഴക്കം ചെന്ന ബസാണ് ചങ്ങനാശേരി ഡിപ്പോയില്‍നിന്നു തിരുനെല്‍വേലി റൂട്ടില്‍ ഇന്റർ സ്റ്റേറ്റ് സര്‍വീസ് നടത്തുന്നത്. ഈ ബസ് ഇടക്കിടയ്ക്ക് കേടാകുന്നത് പതിവാണ്. രാവിലെ 7.15നാണ് ചങ്ങനാശേരിയില്‍നിന്നും ഈ ബസ് പുറപ്പെടുന്നത്. ഈ റൂട്ടിലും പുതിയ ബസ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.