കോട്ടയം: പൗരത്വ നിയമഭേദഗതിക്കെതിരേ ദേശീയപാതയിൽ കളിയിക്കാവിള മുതൽ കാസർഗോട് വരെ ദേശീയ പാതയുടെ ഒാരത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ആഭിമുഖ്യത്തിൽ നാളെ മനുഷ്യമഹാശൃംഖല നടക്കും.
എൽഡിഎഫ് നേതൃത്വത്തിൽ നടക്കുന്ന മനുഷ്യ മഹാ ശൃംഖലയിൽ 70 ലക്ഷം ആളുകൾ കണ്ണികളാകുമെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. കാസർഗോഡ് ജില്ലാ അതിർത്തിയിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ആദ്യകണ്ണിയാകും.
ശൃംഖല കണ്ണൂർ, രാമനാട്ടുകര, മലപ്പുറം, പെരിന്തൽമണ്ണ, പട്ടാന്പി, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം വഴി ദേശീയപാതയുടെ വലതു ഭാഗത്തായി കണ്ണിചേർന്ന് ചങ്ങലയായി കളിയിക്കാവിളയിൽ അവസാനിക്കും. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി കളിയിക്കാവിളയിൽ അവസാന കണ്ണിയാകും.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം ചങ്ങലയിൽ കണ്ണികളാകും. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സംസ്ഥാന നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ കണ്ണികളാകും.
ഉച്ചകഴിഞ്ഞ് 3.30നു റിഹേഴ്സൽ നടക്കും. നാലിന് ചങ്ങലയായി കൈകോർക്കും. തുടർന്ന് ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലും. തെരഞ്ഞെടുക്കപ്പെട്ട 250 കേന്ദ്രങ്ങളിൽ പൊതുസമ്മേളനവും നടക്കും. ഗതാഗത തടസമുണ്ടാകാതെയാണ് ശൃംഖല സൃഷ്ടിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.