ഏറ്റുമാനൂര്‍: വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെള്ളകത്ത് ഇന്നലെ രാത്രിയിലാണ് സംഭവം. തെള്ളകം പൂഴിക്കുന്നേല്‍ ജോസിന്റെ ഭാര്യ ലീനാ ജോസി(56)നെയാണ് വീടിനു പുറകില്‍ അടുക്കളയ്ക്കു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലീനയും ഭര്‍ത്താവും മകനും ഭര്‍ത്താവിന്റെ പിതാവും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മെഡിക്കല്‍ കോളജിനു സമീപം ഹോട്ടല്‍ നടത്തുന്ന ഇവരുടെ മൂത്ത മകന് രാത്രി 12.30ന് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇദ്ദേഹമാണ് ഏറ്റുമാനൂര്‍ പോലീസില്‍ വിവരമറിയിച്ചത്. രാത്രി തന്നെ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹത്തിന് കാവല്‍ ഏര്‍പ്പെടുത്തി. രാവിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തി മേല്‍ നടപടികള്‍ ആരംഭിച്ചു.
പ്രദേശത്തെ സിസി ടിവി കാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ ഉടന്‍ സ്ഥലത്തെത്തും. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.