ഹരിപ്പാട്: ഭീതിയും നാശവും വിതച്ച് ആറാട്ടുപുഴയിൽ ഇടിമിന്നൽ. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് കിഴക്കുഭാഗത്താണ് ഇടിമിന്നലിൽ വ്യാപക നാശനഷ്ടമുണ്ടായത്.ആറാട്ടുപുഴ മാമൂട്ടിൽ സലാഹുദീന്റെ വീട്ടിൽ വലിയ നാശമുണ്ടായി. അടുക്കളപ്പാതകം ഉൾപ്പെടെ വീടിന്റെ പലഭാഗവും പൊട്ടിച്ചിതറി.
കെഎസ്ഇബി മീറ്റർ കത്തിപ്പോയി. രണ്ടു ഫാനും നശിച്ചു. മുറ്റത്തുനിന്ന തെങ്ങും മിന്നലേറ്റ് പൊട്ടിക്കീറി. വലിയ തീഗോളങ്ങൾ കണ്ടു ഭയന്നുപോയെന്ന് സലാഹുദീൻ പറഞ്ഞു. പുറത്തായിരുന്ന ഇദ്ദേഹം തിരികെ വീട്ടിലേക്ക് കയറാനൊരുങ്ങുമ്പോഴാണ് മിന്നൽ ഉണ്ടാകുന്നത്.
ഈ സമയം മകൾ ബീമ അടുക്കളയിൽ പാചകത്തിലായിരുന്നു. ഫോൺ വന്നതുകാരണം ബീമ വാതിൽഭാഗത്തേക്കു മാറിയത് ഭാഗ്യമായി.
തെക്കേക്കണ്ടത്തിൽ ഹുസൈന്റെ വീടിന്റെ ചുവരുകൾക്ക് വിള്ളലുണ്ടായി. ഇവിടെ ഫാനുകൾ ഉൾപ്പെടെ കത്തി. റിജുഭവനത്തിൽ രാധയുടെ വീട്ടിൽ സെറ്റ്ടോപ് ബോക്സും മൂന്നു ഫാനുകളും ഉപയോഗശൂന്യമായി.
ധർമാലയത്തിൽ സുധാമണിയുടെ വീട്ടിലെ ടിവി, മിക്സി, ഫാനുൾപ്പെടെയെല്ലാം നശിച്ചു. നന്ദനത്തിൽ ഓമനക്കുട്ടന്റെ വീട്ടിലെ രണ്ടു എസികൾക്കും ഫാനുകൾക്കും നാശമുണ്ടായി.രാഹുൽ ഭവനത്തിൽ രാജുവിന്റെ വീട്ടിലെ മൂന്നു ഫാനുകളും കേടായി. വീട്ടുകാർ ആറാട്ടുപുഴ വില്ലേജ് ഓഫീസിലും പഞ്ചായത്ത് ഓഫീസിലും പരാതി നൽകിയിട്ടുണ്ട്.

