ദുബായ്: ലോക ചെസ് ചാന്പ്യൻഷിപ്പ് കിരീടത്തിന് പുതിയൊരു അവകാശിയില്ല. നിലവിലെ ചാന്പ്യനായ നോർവെയുടെ മാഗ്നസ് കാൾസണ് റഷ്യയുടെ ഇയാൻ നിപോംനിഷിയെ കീഴടക്കി കിരീടം നിലനിർത്തി. കാൻഡിഡേറ്റ് മത്സരം വിജയിച്ച് ചലഞ്ചറായെത്തിയ നിപോംനിഷിക്ക് ചാന്പ്യൻഷിപ്പിന്റെ ഒരു സമയത്തും കാൾസണിനെതിരേ വെല്ലുവിളി ഉയർത്താനായില്ല.
14 മത്സരങ്ങളുള്ള ചാന്പ്യൻഷിപ്പിലെ 11-ാം ഗെയിമിൽ ജയം സ്വന്തമാക്കിയാണ് കാൾസന്റെ അഞ്ചാം ലോക കിരീടം. നാല് ജയം അടക്കം 7.5 പോയിന്റാണ് കാൾസണിന്. ഏഴ് സമനിലയിലൂടെ ലഭിച്ച 3.5 പോയിന്റാണ് നിപോംനിഷിയുടെ സന്പാദ്യം. ആറ്, എട്ട്, ഒന്പത് മത്സരങ്ങളിലും കാൾസണ് വെന്നിക്കൊടി പാറിച്ചു.
ആറാം ഗെയിം ചെസ് ലോക ചാന്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരമായിരുന്നു. 136 നീക്കങ്ങൾ കണ്ട മത്സരത്തിൽ കാൾസണ് വിജയിച്ചു. ഏഴ് മണിക്കൂർ 45 മിനിറ്റാണ് ആറാം മത്സരം നീണ്ടത്.
പഞ്ചതന്ത്രം
2013 ചലഞ്ചറായെത്തി അന്ന് നിലവിലെ ചാന്പ്യനായിരുന്ന വിശ്വനാഥൻ ആനന്ദിനെ 6.5-3.5ന് കീഴടക്കി കാൾസണ് ആദ്യ ലോക കിരീടം സ്വന്തമാക്കി.
2014ൽ ആനന്ദ് ചലഞ്ചറായെത്തിയെങ്കിലും കാൾസണിനെ കീഴടക്കാനായില്ല, 6.5-4.5. 2016ൽ ടൈ ബ്രേക്കർവരെ നീണ്ട പോരാട്ടത്തിൽ റഷ്യയുടെ സെർജി കര്യാക്കിനെ 6 (3)-6 (1)നു കാൾസണ് കീഴടക്കി.
2018 ൽ അമേരിക്കയുടെ ഫാബിയൊ കരുവാനയും 6 (3)-6 (0) ടൈ ബ്രേക്കറിൽ അടിയറവുവച്ചു. എന്നാൽ, ഇത്തവണ മൂന്ന് മത്സരങ്ങൾ ബാക്കിനിൽക്കേ കാൾസണ് ലോക ചാന്പ്യൻ പട്ടം അഞ്ചാം തവണയും സ്വന്തമാക്കി, ദ കിംഗ് കാൾസണ്.
ലോക ചാന്പ്യൻഷിപ്പ് കിരീട നേട്ടത്തിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിന് (അഞ്ച്) ഒപ്പവുമെത്തി കാൾസൺ.