മണര്‍കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. മണര്‍കാട് പള്ളിയില്‍ വൃതശുദ്ധിയോടെ എട്ടുനോമ്പു ആചരിച്ച് പെരുന്നാളില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തുക. ഏകദേശം 60 ലക്ഷം വിശ്വാസികള്‍ പെരുന്നാള്‍ ദിനങ്ങളില്‍ ഇവിടേക്ക് എത്തിചേരുമെന്ന് പ്രതീക്ഷിക്കുന്നത്.
സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് പെരുന്നാളിനായി ഒരുക്കിയിരിക്കുന്നത്. പള്ളിയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം പെരുന്നാളിനോടനുബന്ധിച്ച് പള്ളി പരിസരത്ത് പോലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, റവന്യു, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കായി വിവിധ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു.
പെരുന്നാളിനോട് അനുബന്ധിച്ച് പള്ളിയുടെ വടക്ക് വശത്തെ മൈതാനത്ത് താത്കാലിക ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും.പെരുന്നാള്‍ ദിനങ്ങളില്‍ പ്രത്യേക സുരക്ഷയ്ക്കായി പള്ളിയിലും പരിസരങ്ങളിലും നിലവിലുള്ള സിസിടിവി കാമറകള്‍ക്ക് പുറമേ കുടുതല്‍ കാമറകള്‍ സ്ഥാപിച്ചു പോലീസ് നിരീക്ഷണം ശക്തമാക്കും. വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തയാറാക്കി.
സെപ്റ്റംബര്‍ ആറ്, ഏഴ്, എട്ട് തിയതികളില്‍ വണ്‍വേ സംവിധാനം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ക്രമീകരിച്ചു. പെരുന്നാള്‍ ദിനങ്ങളില്‍ പള്ളിയില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് വിപുലമായ പാര്‍ക്കിംഗ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. തെക്കുവശത്തും വടക്ക് വശത്തുമുള്ള മൈതാനങ്ങളിലും സെന്റ് മേരീസ് കോളജ് ഗ്രൗണ്ട്, സെന്റ് മേരീസ് ഐടിഐ ഗ്രൗണ്ട് എന്നിവിടങ്ങളിലും പാര്‍ക്കിംഗ് സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്.
കത്തീഡ്രലിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും വെബ്സൈറ്റിലും പെരുന്നാളിന്റെ പ്രധാന ചടങ്ങുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാന ചടങ്ങുകള്‍ എസിവി, ഗ്രീന്‍ ചാനല്‍ മണര്‍കാട് എന്നീ ടെലിവിഷന്‍ ചാനലുകളിലും ലഭ്യമാണ്. നേര്‍ച്ചവഴിപാടുകള്‍, പെരുന്നാള്‍ ഓഹരി എന്നിവയ്ക്ക് ഓണ്‍ലൈനിലൂടെ പണം അടയ്ക്കാം. വിശ്വാസികളുടെ പ്രാര്‍ഥനാ ആവശ്യങ്ങള്‍ കത്തീഡ്രലിന്റെ ഇമെയില്‍ വിലാസത്തിലോ വാട്സാപ് നമ്പറിലേക്കോ അയയ്ക്കാം.
പെരുന്നാളിന് എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് ശുചിത്വവും മെച്ചപ്പെട്ടതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ പള്ളിവക താത്കാലിക കാന്റീന് പ്രവര്‍ത്തിക്കും. എല്ലാ ഭക്തജനങ്ങള്‍ക്കും സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴു വരെ വടക്കുവശത്തെ പാരീഷ് ഹാളില്‍നിന്ന് സൗജന്യ നേര്‍ച്ചക്കഞ്ഞി ലഭിക്കും. പെരുന്നാളിനോടനുബന്ധിച്ചുള്ള വൈദ്യുത ദീപാലങ്കാരങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ 14 വരെ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.