മരട് : സുപ്രീം കോടതി ഉത്തരവിനെത്തുടർന്നു പൊളിച്ചുനീക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ പ്രതീക്ഷകൾ കൈവിട്ടമട്ടിൽ ഫ്ളാറ്റുടമകൾ. കോടതി ഉത്തരവു പ്രകാരമുള്ള സമയപരിധി അവസാനിക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം തലസ്ഥാനത്തു സർവ്വകക്ഷി യോഗം ചേർന്നിരുന്നു. യോഗതീരുമാനങ്ങളിൽ തങ്ങൾ പൂർണ സംതൃപ്തരല്ലെന്നും പ്രതീക്ഷകൾ കൈവിടേണ്ട സാഹചര്യമാണ് ഉണ്ടായിക്കുന്നതെന്നും ഫ്ളാറ്റ് ഉടമകളിൽ ഭൂരിഭാഗവും പറയുന്നു.
നിയമപരമായ മാർഗങ്ങൾ തേടാനുള്ള സർവകക്ഷി യോഗത്തിലെ തീരുമാനത്തിലായിരുന്നു ചെറിയ പ്രതീക്ഷ. എന്നാൽ, കാര്യങ്ങൾ വേണ്ട രീതിയിൽ പുരോഗമിക്കുന്നില്ല എന്ന വാർത്തകളാണു തങ്ങളുടെ പ്രതീക്ഷകക്കു മങ്ങലേൽപ്പിക്കുന്നതെന്നാണ് ഉടമകൾ ചൂണ്ടിക്കാട്ടുന്നത്. ഡൽഹിയിലേക്കു സർവകക്ഷി സംഘത്തെ അയയ്ക്കുന്ന കാര്യത്തിൽ ഉൾപ്പെടെ തീരുമാനം ഉണ്ടായില്ല.
ഫ്ളാറ്റുകൾ 20 നകം പൊളിച്ചുമാറ്റി റിപ്പോർട്ടു നൽകാനും 23 ന് സംസ്ഥാന ചീഫ് സെക്രട്ടറി നേരിട്ടു ഹാജരായി റിപ്പോട്ടു നൽകാനുമായിരുന്നു സുപ്രീംകോടതിയുടെ അന്ത്യശാസനം. ഇനി അവശേഷിക്കുന്ന ഒരു ദിവസത്തിനകം പൊളിക്കൽ നടക്കില്ല എന്ന കാര്യം ഉറപ്പായി. എന്നാൽ, ഇക്കാര്യങ്ങൾ ബോധിപ്പിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറി 23 ന് നേരിട്ടു ഹാജരാവുന്പോൾ സുപ്രീം കോടതിയുടെ പ്രതികരണം ഏതു തരത്തിലുള്ളതായിരിക്കും എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.
ഇതിനിടെ, പിന്തുണയുമായി എത്തിയ രാഷ്ട്രീയ കക്ഷികളും സംഘടനകളും ഒടുവിൽ തങ്ങളെ കൈയൊഴിയുമോ എന്ന ആശങ്കയും ഫ്ളാറ്റിലെ താമസക്കാർ പ്രകടിപ്പിച്ചു. പ്രതിഷേധ സമരങ്ങളുടെ അവസാന ഘട്ടത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഭിന്നത മറനീക്കി പുറത്തുവന്നിരുന്നു. സമരങ്ങൾ നിർത്തിയതോടെ ആരും തങ്ങളെ തിരിഞ്ഞു നോക്കാത്ത അവസ്ഥയിലായെന്നും താമസക്കാരിൽ ചിലർ പരിഭവം പറയുന്നു.