മംഗളൂരു: എട്ടു മാസം മുൻപ് നടത്തിയ അറേഞ്ച്ഡ് വിവാഹം തകർന്നതിനെത്തുടർന്നു വിവാഹ ബ്രോക്കറെ യുവാവ് കുത്തിക്കൊന്നു.
മംഗളൂരു റൂറൽ പോലീസ് പരിധിയിലുള്ള വാളച്ചിലിലാണു സംഭവം.
50 വയസുള്ള സുലൈമാനാണു മരിച്ചത്. രാത്രി നടന്ന ആക്രമണത്തിനിടെ സുലൈമാന്റെ രണ്ട് ആൺമക്കൾക്കു ഗുരുതരമായി പരിക്കേറ്റു. സുലൈമാന്റെ ബന്ധുവായ മുസ്തഫയാണ് കൊലപാതകത്തിന് പിന്നിലെന്നു പോലീസ് പറഞ്ഞു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയായ മുസ്തഫയുടെയും ഷഹീനാസ് എന്ന യുവതിയുടെയും വിവാഹം എട്ടു മാസം മുൻപ് നടന്നിരുന്നു. ഈ വിവാഹത്തിന്റെ ബ്രോക്കർ സുലൈമാനായിരുന്നു.
എന്നാൽ ദാമ്പത്യം തകർന്നതോടെ ഷഹീനാസ് രണ്ട് മാസം മുമ്പ് അവരുടെ വീട്ടിലേക്ക് മടങ്ങി. ഇതേച്ചൊല്ലി മുസ്തഫയും സുലൈമാനും തമ്മിലുണ്ടായ തർക്കമാണു കൊലയിലേക്കു നയിച്ചത്. മുസ്തഫയുടെ വീടിനു സമീപം വച്ചാണു സുലൈമാന് കുത്തേറ്റത്.