കൊച്ചി: കിഫ്ബി മസാലബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കാരണം കാണിക്കല്‍ നോട്ടീസ്. മൂന്നു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നല്‍കിയത്. മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടില്‍ വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ (ഫെമ) ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അഥോരിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായിട്ടാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകന് വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നല്കാന് അവസരമുണ്ട്. കേസില്‍ തുടര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
2019ല്‍, 9.72 ശതമാനം പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാല ബോണ്ടിറക്കി 2,150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ബോണ്ടിറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം തോമസ് ഐസക്കിന് രണ്ടു തവണ ഇഡി നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ ഇഡി നോട്ടീസിനെതിരേ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സി.എ.ജി. റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് അന്വേഷണം തുടങ്ങിയതെന്നാണ് ഇ.ഡി കോടതിയില്‍ പറഞ്ഞത്. ചട്ടങ്ങള്‍ പാലിച്ചാണ് ബോണ്ട് വാങ്ങിയത് എന്നായിരുന്നു തോമസ് ഐസക്കിന്റെ മറുവാദം. റിസര്‍വ് ബാങ്ക് സംശയം ഉന്നയിക്കാത്തതും ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിരുന്നു.

